സിക്സ് പാക്കുകളും ക്ലീൻ ഈറ്റിംഗ് ഹാഷ്ടാഗുകളും നിറഞ്ഞ ഈ ലോകത്ത്, മെലിഞ്ഞ ശരീരം ആരോഗ്യത്തിൻ്റെ പര്യായമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ ‘ഫിറ്റ്’ ലുക്കിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു- ഫാറ്റി ലിവർ രോഗം.
ഒരുകാലത്ത് അമിതഭാരമുള്ളവരിലും മദ്യപാനികളിലും മാത്രം കണ്ടിരുന്ന ഈ രോഗം ഇപ്പോൾ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും വർധിച്ചു വരികയാണ്.
‘മെലിഞ്ഞവരിലെ കൊഴുപ്പ്’ – പുതിയ ഭീഷണി
“ഫാറ്റി ലിവർ രോഗം ഇന്ന് അമിതഭാരമുള്ളവരിലോ പൊണ്ണത്തടിയുള്ളവരിലോ മാത്രം ഒതുങ്ങി നിൽക്കുന്നില്ല,” അരേറ്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി മേധാവി ഡോ. പവൻ റെഡ്ഡി തോണ്ടാപു പറയുന്നു. “പുറമെ മെലിഞ്ഞതായി കാണപ്പെടുന്ന, എന്നാൽ കരളിൽ ഉൾപ്പെടെ ഉയർന്ന അളവിൽ വിസറൽ കൊഴുപ്പുള്ള ‘മെലിഞ്ഞ കൊഴുപ്പ്’ (സ്കിന്നി ഫാറ്റ്) വിഭാഗക്കാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.”
MONW (Metabolically Obese, Normal Weight) അഥവാ TOFI (Thin Outside, Fat Inside) എന്നിങ്ങനെ അറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് കാരണം ആധുനിക ജീവിതശൈലിയാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ പഞ്ചസാരയുടെ ഉപയോഗം, രാത്രിയിലെ അത്താഴം, അമിത മദ്യപാനം, പ്രഭാതഭക്ഷണം ഒഴിവാക്കൽ, വ്യായാമം കുറഞ്ഞ ജീവിതശൈലി എന്നിവയെല്ലാം – പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത് വ്യാപകമാണ്.
‘ഫിറ്റ്’ ലുക്കിന് പിന്നിലെ അപകടം
“ജിമ്മിൽ പോകുന്ന, പുറമെ ‘ഫിറ്റ്’ ആയ വ്യക്തികളിൽ പോലും ഫാറ്റി ലിവർ രോഗം വർധിച്ചു വരുന്നത് ഏറെ ഞെട്ടിക്കുന്നതാണ്,” ബെംഗളൂരുവിലെ ഗ്ലെനീഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ എച്ച്പിബി & ജിഐ സർജറി വിഭാഗം മേധാവി ഡോ. സുരേഷ് രാഘവയ്യ പറയുന്നു. “ഈ വ്യക്തികൾ ആരോഗ്യവാന്മാരായി തോന്നിയേക്കാം, പക്ഷേ അവരുടെ ഉപാപചയ പ്രവർത്തനങ്ങൾ മറ്റൊരു കഥയാണ് പറയുന്നത്. ബിഎംഐ അഥവാ ബോഡി മാസ് ഇൻഡെക്സ് ഒരു നല്ല അളവുകോലല്ല – അത് ശരീരത്തിൻ്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണിക്കുന്നില്ല.”
വിസറൽ കൊഴുപ്പ് – നിശ്ശബ്ദ വില്ലൻ
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മാത്രമല്ല പ്രശ്നം, അത് എന്തിലേക്ക് നയിക്കുന്നു എന്നതാണ് ആശങ്കാജനകം. കരൾ പോലുള്ള ആന്തരിക അവയവങ്ങൾക്ക് ചുറ്റും വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ, അത് ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം, ഉപാപചയ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥയുടെ ഏറ്റവും വലിയ അപകടം ഇത് പലപ്പോഴും ലക്ഷണങ്ങൾ കാണിക്കില്ല എന്നതാണ്. കരളിൻ്റെ പ്രവർത്തനം ഗണ്യമായി തകരാറിലാകുമ്പോഴാണ് പലരും രോഗം അറിയുന്നത് പോലും.
“പ്രാരംഭ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല,” ഡോ. തോണ്ടാപു മുന്നറിയിപ്പ് നൽകുന്നു. “ക്ഷീണമോ നേരിയ അസ്വസ്ഥതകളോ അനുഭവപ്പെടുമ്പോഴേക്കും കരളിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് പതിവായ സ്ക്രീനിംഗ് പ്രധാനമാകുന്നത് – സാധാരണ ബിഎംഐ ഉള്ളവരും എന്നാൽ മോശം ജീവിതശൈലി പിന്തുടരുന്നവരും കുടുംബത്തിൽ ഈ രോഗത്തിൻ്റെ ചരിത്രമുള്ളവരും നിർബന്ധമായും പരിശോധന നടത്തണം.
പാരമ്പര്യവും ജീവിതശൈലിയും ഒരുപോലെ അപകടകരം
ജനിതകപരമായ കാരണങ്ങളും ഈ രോഗത്തിന് പിന്നിലുണ്ട്. “കുടുംബത്തിൽ പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) ഉള്ളവർക്ക്, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നുണ്ടെങ്കിൽ പോലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” ഡോ. രാഘവയ്യ ചൂണ്ടിക്കാട്ടുന്നു. “ഉറക്കമില്ലായ്മ, വിട്ടുമാറാത്ത സമ്മർദ്ദം, ഫാസ്റ്റ് ഫുഡ് എന്നിവയെല്ലാം ചേരുമ്പോൾ കരൾ കോശങ്ങൾ കൊഴുപ്പ് സംഭരിക്കാനും ഇൻസുലിനെ പ്രതിരോധിക്കാനും കൂടുതൽ സാധ്യതയുണ്ട്.”
കാഴ്ചയിലുള്ള ആരോഗ്യം മാത്രം പോരാ
“ആരോഗ്യത്തെയും ഫിറ്റ്നസിനെയും നമ്മൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിൽ മാറ്റം വരുത്തേണ്ടതുണ്ട്,” ഡോ. രാഘവയ്യ പറയുന്നു. “കണ്ണാടിയിലെ നമ്മുടെ രൂപം മാത്രമല്ല യഥാർത്ഥ ഫിറ്റ്നസ്. ശരീരം ഉള്ളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനം. സിക്സ് പാക്ക് ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ കരൾ ആരോഗ്യകരമാണെന്ന് അർത്ഥമില്ല.
പ്രതിവിധി ലളിതം, കണ്ടെത്തണം നേരത്തെ
ഈ വർധിച്ചു വരുന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ, സൗന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടുകൾക്കപ്പുറം ഉപാപചയ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകേണ്ടത് അത്യാവശ്യമാണ്. സമീകൃതാഹാരം, പതിവായ വ്യായാമം, ശരിയായ ഉറക്കം, മദ്യപാനം കുറയ്ക്കൽ തുടങ്ങിയ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
“ഫാറ്റി ലിവർ രോഗം അതിന്റെ പ്രാരംഭ ഘട്ടങ്ങളിൽ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും,” ഡോ. തോണ്ടാപു പറയുന്നു. “എന്നാൽ നമ്മൾ അത് നേരത്തെ കണ്ടെത്തണം. രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്. നിങ്ങൾക്ക് അപകടസാധ്യത ഘടകങ്ങൾ ഉണ്ടെങ്കിൽ, നിർബന്ധമായും ഡോക്ടറെ കണ്ട് പരിശോധന നടത്തുക.” ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഈ നിശ്ശബ്ദ കൊലയാളിയെ നമുക്ക് അകറ്റി നിർത്താം.