കടുത്ത ചൂടിലൂടെയാണ് ചിലപ്പോഴൊക്കെ സംസ്ഥാനം കടന്നുപോകുന്നത്. ചൂടില്‍ വെന്തുരുകി രാത്രി നല്ല ഉറക്കം പോലും ലഭിക്കാത്തവരാണ് പലരും. മുറികളിലെ ഉയര്‍ന്ന താപനില ഉറക്കത്തെ ബാധിക്കാറുണ്ട്. മനുഷ്യ ശരീരം നന്നായി പ്രവര്‍ത്തിക്കാന്‍ മികച്ച ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും നല്ല ഉറക്കം പ്രധാനമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, കോപം, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് കാരണമാകും. ചില കാര്യങ്ങളിൽ കരുതലെടുത്താൽ കൊടും ചൂടത്തും നന്നായി ഉറങ്ങാന്‍ സാധിക്കും. അതിനുള്ള മാര്‍ഗങ്ങളാണ് ഇനി പറയുന്നത്.
വായു പ്രവാഹം ലഭിക്കുന്ന, ഈര്‍പ്പം ആഗിരണം ചെയ്യുന്ന കോട്ടണ്‍ അല്ലെങ്കില്‍ ലിനന്‍ ഷീറ്റുകള്‍ കട്ടിലില്‍ വിരിക്കുക. സിന്തറ്റിക് തുണി കൊണ്ടുള്ള ഷീറ്റുകള്‍ ചൂടിനെ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും ശരീരം കൂടുതല്‍ വിയര്‍ക്കാനും ഇട വരുന്നു. ഇത് സുഗമമായ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഉറങ്ങുന്നതിന് മുമ്പ് കിടപ്പുമുറിയിലെ ചൂട് കുറയ്ക്കാന്‍ ശ്രമിക്കുക. അതിനായി ഫാനോ അല്ലെങ്കില്‍ കൂളറോ ഉപയോഗിക്കുക. പകല്‍ സമയത്ത് സൂര്യപ്രകാശം കിടപ്പുമുറിയില്‍ പതിക്കുന്നത് തടയാന്‍ കര്‍ട്ടനുകള്‍ കൊണ്ട് മുറിയുടെ ജനാലകള്‍ അടച്ചിടാം. സൂര്യപ്രകാശം മാത്രമല്ല, കൃത്രിമ വെളിച്ചവും ഉറക്കത്തെ തടസപ്പെടുത്തും. വൈകിട്ട് കിടക്കുന്ന മുറിയില്‍ മങ്ങിയ വെളിച്ചമുള്ള ഇരുണ്ട അന്തരീക്ഷം ഒരുക്കുക.
ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുക. ഇത് ശരീര താപനില ക്രമേണ തണുക്കാന്‍ സഹായിക്കുകയും തലച്ചോറിന് വിശ്രമം നല്‍കാനുള്ള സമയമായി എന്ന സൂചന നല്‍കുകയും ചെയ്യുന്നു. ചൂടുള്ളപ്പോള്‍ തറയില്‍ പായ് വിരിച്ചോ നിലത്തിട്ട മെത്തയിലോ ഉറങ്ങുന്നത് തണുപ്പ് ലഭിക്കാന്‍ സഹായിക്കും.
ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് ശരീരത്തിന് ഉന്മഷം പകരും. രാത്രി നല്ല ഉറക്കവും ലഭിക്കും. അതേസമയം, രാത്രിയില്‍ നിരന്തരം മൂത്രം ഒഴിതത് ഒഴിവാക്കാന്‍ കിടക്കുന്നതിന് തൊട്ടു മുമ്പ് വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വൈകിയുള്ള അത്താഴവും ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കും.
അയഞ്ഞതും ശ്വസിക്കാന്‍ കഴിയുന്നതുമായ കോട്ടണ്‍ പൈജാമകള്‍ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഏറ്റവും കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഉറങ്ങുക. വായു സ്വാഭാവികമായി പ്രവഹിക്കാന്‍ മുറിയുടെ ജനാലകള്‍ രാത്രി തുറന്നിടുക. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കഫീന്‍ അടങ്ങുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവയും ഒഴിവാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു