in , , , , ,

കുട്ടികളിലെ അമിതവാശി കുറയ്ക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന അഭിനന്ദനമാണ് ഒരു വ്യക്തിയെ വളര്‍ത്തുന്നത്. കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും മാതാപിതാക്കള്‍ അത് മറക്കുകയാണ് പതിവ്. എപ്പോഴും കുട്ടികളുടെ പോരായ്മകള്‍ തുറന്നു കാട്ടുകയും കുറ്റപ്പെടുത്തുകയുമാണ് മിക്ക രക്ഷിതാക്കളും ചെയ്യാറുളളത്.

പലപ്പോഴും മാതാപിതാക്കളുടെ സങ്കല്‍പത്തിനും നിയമത്തിനുമൊത്തു മാത്രം കുട്ടി വളരണം എന്ന നിര്‍ബന്ധമാണ് അനുസരണക്കേടിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത്. പരിധിയില്‍ കവിഞ്ഞ അനുസരണ ശീലം ആവശ്യപ്പെടുമ്പോള്‍ അത് തെറ്റിക്കാനും തെറ്റിയാല്‍ എന്തു സംഭവിക്കുമെന്നറിയാനും കുട്ടികള്‍ക്കു തോന്നും. അതുകൊണ്ട് കുട്ടികളില്‍ മുഷിപ്പുളവാക്കാതെ അവര്‍ക്കായി നിയമങ്ങളുണ്ടാക്കാന്‍ ശീലിച്ചു തുടങ്ങാം.മുതിര്‍ന്നവരുടെ അവസരോചിതവും ക്ഷമയോടുകൂടിയതുമായ ഇടപെടുലുകളിലൂടേയും കുട്ടികളിലെ അമിതവാശിയെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

എന്താണ് ടെംപെര്‍ ടാന്‍ട്രം? എങ്ങനെ നിയന്ത്രിക്കാം? ഇതൊരു സ്വഭാവ വൈകല്യം ആണോ?

ടെംപെര്‍ ടാന്‍ട്രം എന്നത് കുട്ടികളില്‍ കാണുന്ന അമിതവാശിയാണ്. ചോദിച്ച കളിപ്പാട്ടം കിട്ടിയില്ലെങ്കില്‍ അഥവാ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുത്തില്ലെങ്കില്‍ അനിയന്ത്രിതമായി ദേഷ്യപെടുക, അക്രമാസക്തരാകുക. ഒന്നര മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളില്‍ ആണ് ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.

കുഞ്ഞിന്റെ വാശി പിടിച്ചുള്ള കരച്ചില്‍ നിര്‍ത്താനായി പലപ്പോഴും രക്ഷിതാക്കള്‍ കുട്ടി ആവശ്യപ്പെടുന്ന കാര്യമങ്ങ് സാധിച്ചു കൊടുക്കുകയും ചെയ്യും. ചില കുട്ടികളില്‍ ഇത് ചെറിയ രീതിയിലും മറ്റു ചിലരില്‍ ഇത് ഭയപ്പെടുത്തുന്ന രീതിയിലും കണ്ടുവരാറുണ്ട്.

അനുസരണക്കേട് കാണിക്കുമ്പോള്‍ കുട്ടികള്‍ പറയുന്ന ന്യായങ്ങളും കാരണങ്ങളും ശ്രദ്ധിച്ച് കേള്‍ക്കുക. ഈ കാര്യം എന്തുകൊണ്ടു ചെയ്തൂടാ, ചെയ്താലെന്തു സംഭവിക്കും എന്നൊക്കെ കുട്ടി ചോദിക്കുമ്പോള്‍ വടി വെട്ടാനോടാതെ കാര്യം പറഞ്ഞു മനസ്സിലാക്കുക.

കുട്ടി ചെയ്ത കാര്യത്തിന് അവന്റേതായ ന്യായീകരണമുണ്ടെങ്കില്‍ അത് ക്ഷമയോടെ കേട്ടു മറുപടി നല്‍കുക. അതിലെ തെറ്റ് തിരുത്തി കൊടുക്കുക. അങ്ങനെയാകുമ്പോള്‍ അവനു തന്നെ സ്വന്തം പ്രവൃത്തി വിലയിരുത്താന്‍ കഴിയും. തെറ്റ് ബോധ്യമായാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടി സ്വയം ശ്രദ്ധിക്കുകയും ചെയ്യും.

മാതാപിതാക്കളുടെ മൂഡ് സ്വിങ്ങിന് അനുസരിച്ച് കുട്ടിയുടെ മേല്‍ നിയന്ത്രണം അടിച്ചേല്‍പിക്കരുത്. ഒരു സമയത്ത് അരുത് എന്ന് പറയുന്ന കാര്യം മറ്റൊരു സമയത്ത് ‘സാരമില്ല, ഒരു തവണത്തേക്കല്ലേ, നീയങ്ങ് ചെയ്തോളൂ’ എന്ന മട്ടില്‍ പറയരുത്. ഒരിക്കല്‍ അത്തരത്തില്‍ അതനുവദിച്ച് കൊടുത്താല്‍ നാളെയും കുട്ടികള്‍ വാശിപിടിക്കും.

അനുവാദമില്ലാതെ എന്ത് ചെയ്താലും അപകടമൊന്നും പറ്റില്ലെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാകും. വ്യക്തതയുള്ള കാര്യങ്ങള്‍ മാത്രം കുട്ടികളോടു പറയുക. അല്ലാതെ എല്ലാത്തിനും മാര്‍ഗനിര്‍ദേശവുമായി ചെല്ലുന്ന രീതി കുട്ടികള്‍ക്കായാലും സ്വീകാര്യമാകില്ല. അങ്ങോട്ട് പോകരുതെന്ന് പറയുമ്പോള്‍, പോയാലുണ്ടാകുന്ന പ്രശ്നത്തെ പറ്റിയും പറഞ്ഞു കൊടുക്കണം. അവിടെ പാമ്പുണ്ട്, ഭൂതമുണ്ട് എന്നൊക്കെ കുട്ടിയോട് പറയുമ്പോള്‍ ആദ്യമൊന്ന് പേടിച്ചാലും പിന്നീട് ആ പേടി ആകാംക്ഷയായി വളരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിയന്ത്രണങ്ങളുടെ കാരണം, അത് ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് കുട്ടിക്ക് മനസ്സിലാക്കി കൊടുക്കണം.

കുട്ടിക്ക് ദേഷ്യമുണ്ടായാലും അത് നിയന്ത്രിക്കുക അച്ഛനമ്മമാരുടെ കടമയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടി അവരുടെ വാദങ്ങള്‍ മുഴുവന്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയാറാകണം. നിയന്ത്രണങ്ങളില്‍ പ്രായത്തിന് അനുസരിച്ച് ആവശ്യമായ പരിഷ്‌കരണങ്ങള്‍ വേണം. മാതാപിതാക്കളുടെ മനസ്സില്‍ മക്കള്‍ എപ്പോഴും കുട്ടി തന്നെ എന്നത് ശരി തന്നെ. പ്രായത്തിന് അനുസരിച്ച് നല്‍കുന്ന ഇളവുകള്‍ അവര്‍ക്ക് നല്‍കുന്ന അംഗീകാരമായി മക്കള്‍ കരുതും.

ചെറുപ്പക്കാരില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടിവരുന്നതിനുളള കാരണമെന്താണ് ?

കുട്ടികളെ പ്രകൃതി സ്‌നേഹികളാക്കി വളര്‍ത്താം