പൊള്ളല്‍ ഉണ്ടാകുന്നില്ല എങ്കിലും ചൂടു മൂലം ചര്‍മ്മത്തില്‍ പാടുകളോ തടിപ്പുകളോ ഉണ്ടാകുന്ന അവസ്ഥയാണ് ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം. ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ അടക്കം നിരവധി താപ സ്രോതസ്സുകള്‍ ഇതിനു കാരണമാകാം. ഇതിനെ വൈദ്യശാസ്ത്രപരമായി എരിത്തെമ അബ് ഇഗ്നെ എന്നു വിളിക്കുന്നു.
കാരണങ്ങള്‍ : ദീര്‍ഘനേരം ഇന്‍ഫ്രാറെഡ് രശ്മികള്‍ അല്ലെങ്കില്‍ ചൂട് ഏല്‍ക്കുന്നതു മൂലം ചര്‍മ്മത്തിന്‍റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസമുണ്ടാവുകയും പുള്ളികള്‍ വീഴുകയും ചെയ്യുന്നു. ലാപ്ടോപ്പ് ഉപയോഗം മൂലവും ഈ അവസ്ഥ ഉണ്ടാകുമെന്ന് പ്രാമാണീകരിക്കപ്പെട്ട തെളിവുകളുണ്ട്.
ലക്ഷണങ്ങള്‍
- മീന്‍ വല പോലെ തോന്നിക്കുന്ന, രൂക്ഷമല്ലാത്തതും താല്‍ക്കാലികവുമായ പാടുകള്‍ (പുള്ളികള്‍).
- ഇളം പിങ്കു നിറത്തില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍ ചുവപ്പു നിറത്തിലേക്കും പിന്നീട് തവിട്ടു നിറത്തിലുള്ള വലകള്‍ പോലെയും ആയി മാറുന്നു.
- ചിലര്‍ക്ക് ചെറിയ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടേക്കാം.
അപകടസാധ്യതാ ഘടകങ്ങള്‍
- പാചകക്കാര്‍, കൊല്ലപ്പണി ചെയ്യുന്നവര്‍ തുടങ്ങി അധികസമയം ചൂടേല്‍ക്കേണ്ടിവരുന്നവര്‍ക്ക് ഇതിനുള്ള അപകടസാധ്യത കൂടുതലാണ്.
- ഹോട്ട് വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് ആവര്‍ത്തിച്ച് ചൂട് വയ്ക്കുന്നവര്‍ക്ക്.
- ലാപ്ടോപ്പ് മടിയില്‍ വച്ച് ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ക്ക്.
രോഗനിര്‍ണയം
ചര്‍മ്മത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ ഡോക്ടര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ചര്‍മ്മത്തിന് അസ്വാഭാവികത ഒന്നും ഇല്ല എന്ന് ഉറപ്പിക്കാന്‍ ബയോപ്സി നടത്താന്‍ ശുപാര്‍ശ ചെയ്തേക്കാം.
ചികിത്സ
ചികിത്സയില്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യം ചര്‍മ്മത്തിനു തകരാര്‍ ഉണ്ടാക്കുന്ന രീതിയില്‍ താപസ്രോതസ്സുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയാണ്.
തീവ്രതയില്ലാത്ത കേസുകള്‍ ഒന്നോ രണ്ടോ മാസം കൊണ്ട് തനിയെ ഭേദമാവും. എന്നാല്‍, രൂക്ഷമായ കേസുകള്‍ വര്‍ഷങ്ങളോളം അല്ലെങ്കില്‍ സ്ഥിരമായി നിലനില്‍ക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുള്ളികള്‍ ഭേദമാക്കാന്‍ പുറമെ പുരട്ടുന്ന ട്രെറ്റിനോയിന്‍ (ട്രെറ്റിനോയിക് ആസിഡിന്‍റെ ഫാര്‍മസ്യൂട്ടിക്കല്‍ രൂപം) അല്ലെങ്കില്‍ ലേസര്‍ ചികിത്സ ശുപാര്‍ശ ചെയ്യും.
പ്രതിരോധം: ലാപ്ടോപ്പ് അല്ലെങ്കില്‍ മറ്റു താപ സ്രോതസ്സുകളില്‍ നിന്നുള്ള ചൂട് നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ എന്തെങ്കിലും മറകള്‍ ഉപയോഗിക്കാം. ഈ സ്വാഭാവിക രീതിയിലൂടെ ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോമിനെ പ്രതിരോധിക്കാന്‍ കഴിയും.
സങ്കീര്‍ണതകള്‍
സാധാരണഗതിയില്‍ ചര്‍മ്മത്തിനു പറ്റുന്ന തകരാറുകള്‍ നിരുപദ്രവമായിരിക്കും. എന്നാല്‍, ദീര്‍ഘനേരം ചൂട് ഏല്‍ക്കുകയാണെങ്കില്‍ ഒരു പക്ഷേ ചര്‍മ്മത്തിലെ ക്യാന്‍സറിന് കാരണമാവാം.
അടുത്ത നടപടികള്‍
നിങ്ങള്‍ ടോസ്റ്റഡ് സ്കിന്‍ സിന്‍ഡ്രോം മൂലം ബുദ്ധിമുട്ടുകയാണെങ്കില്‍, ചൂടില്‍ നിന്ന് സംരക്ഷണം നേടുന്നതിന് അനുയോജ്യമായ ഹീറ്റ് ഷീല്‍ഡുകള്‍ ഉപയോഗിക്കുക.