കാന്‍സറിനെ അതിജീവിച്ച് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ളരാജു. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തൊണ്ടയിലെ അര്‍ബുദ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും നിരഞ്ജ് പറഞ്ഞു.
മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മണിയന്‍പിള്ള രാജുവിന്റെ മെലിഞ്ഞ രൂപം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചു. താരത്തിന്റെ ശബ്ദം പോലും നഷ്ടമായെന്നും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണെന്നുമായിരുന്നു പ്രധാനമായും പ്രചരിച്ച വാര്‍ത്തകള്‍.
എന്നാല്‍, താരം മെലിഞ്ഞു പോയതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുകയാണ് മകന്‍ നിരഞ്ജ്. ”അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്” എന്ന് നിരഞ്ജ് പറഞ്ഞു. കീമോ ചികിത്സയ്ക്ക് ശേഷം വായിലെയും തൊണ്ടയിലെയും തൊലി ശരിയായി വരാന്‍ ആറു മാസം എടുക്കുമെന്നും അപ്പോള്‍ നല്ല ഭക്ഷണം കഴിച്ചുതുടങ്ങിയാല്‍ പോയ വണ്ണം തിരിച്ചു വരുമെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ആണ് മണിയന്‍പിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആരോഗ്യം വീണ്ടെടുത്ത താരം ഷൂട്ടുകള്‍ക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും നിരഞ്ജ് പറയുന്നു.
നായകന്‍, സഹനടന്‍, കൊമേഡിയന്‍, വില്ലന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് മണിയന്‍പിള്ള രാജു. പ്രായം 69 ആയെങ്കിലും ചുറുചുറുക്കുള്ള കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം.