ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കാറാണ് പതിവ്. ഇതിനൊരു കാരണം അവര്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായ അനുഭവമായിരിക്കും. അതിനെ പ്രധാന നിക്ഷേപമായി കണ്ടവര്‍ക്ക് ചിലപ്പോള്‍ അവര്‍ പ്രതീക്ഷിച്ച വളര്‍ച്ച ലഭിക്കാത്തതുമൂലം ഇനി ഇന്‍ഷുറന്‍സ് എന്ന പരിപാടിക്ക് ഇല്ല എന്ന് തീരുമാനിച്ചവരും അല്ലെങ്കില്‍ ശരിയായ പോളിസി എടുക്കാന്‍ സാധിക്കാതെ തെറ്റിദ്ധരിക്കപ്പെട്ട വരും ഒക്കെ ഉണ്ടാവും ഈ കൂട്ടത്തില്‍. എന്നാല്‍ ശരിക്കും ഇന്‍ഷുറന്‍സ് എന്താണ് എന്നും അതിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തിയവരും ഇന്‍ഷുറന്‍സ് പദ്ധതികളെ തള്ളി പറയാന്‍ സാധ്യതയില്ല.
ഇന്‍ഷുറന്‍സുകള്‍ പലവിധമുണ്ട് എങ്കിലും പ്രധാനമായും രണ്ടുതരമായി ഇവയെ കാണും. ഒന്ന,് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതോടൊപ്പം നിക്ഷേപവും മുന്നോട്ടുകൊണ്ടുപോകുന്നവയും. രണ്ടാമത്തെ വിഭാഗം പരിരക്ഷ മാത്രം നല്‍കുന്നവയുമാണ്. രണ്ടു വിഭാഗത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എങ്കിലും ഇന്‍ഷുറന്‍സ് എടുക്കുക എന്നതുകൊണ്ട് ശരിയായ ഗുണം ലഭിക്കുന്നത് രണ്ടാമത്തെ വിഭാഗമായ പരിരക്ഷ മാത്രം നല്‍കുന്ന പോളിസികള്‍ ആണ്. ഇത് മനസിലാകണമെങ്കില്‍ ആദ്യം തന്നെ എന്താണ് ഇന്‍ഷുറന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കണം.
ആകസ്മികമായും ഉണ്ടാകുന്ന നഷ്ടങ്ങള്‍ സാമ്പത്തികമായി എങ്ങനെ പരിരക്ഷ നല്‍കുക എന്നതാണ് ഇന്‍ഷുറന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിന്റെ താങ്ങായി നില്‍ക്കുന്ന ഒരാളുടെ മരണം ഏതെങ്കിലും വസ്തുക്കളോ സ്വത്തിനോ ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം ചികിത്സ പോലുള്ള ചെലവുകള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം എന്നീ ഏത് കാരണം കൊണ്ടായാലും ഇതു മൂലം ഉണ്ടാകാനുള്ള നഷ്ടം സാമ്പത്തികമായി പരിഹരിക്കുക എന്നതാണ് ഇന്‍ഷുറന്‍സ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ടേം, ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് എന്നീ ഇന്‍ഷുറന്‍സുകള്‍ പ്രധാനമായും പരിരക്ഷ മാത്രം നല്‍കുന്ന ഏതാനും വിഭാഗം പോളിസികള്‍ ആണ്. ടേം ഇന്‍ഷുറന്‍സ് വ്യക്തിയുടെ ആകസ്മിക മരണം മൂലം ഉണ്ടാകാന്‍ ഇടയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നതാണ്. കാര്‍, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സുകള്‍ ആ വസ്തുക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ സഹായിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ ചെലവുകള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ സഹായിക്കും.
ഇത്തരം പോളിസികള്‍ വിശ്വസ്തരായ ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍നിന്ന് ഓണ്‍ലൈന്‍ ആയോ എടുക്കാവുന്നതാണ്. ഓണ്‍ലൈനായി എടുക്കുമ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ ശരിയായ അര്‍ത്ഥം മനസിലാക്കി അനുയോജ്യമായ പോളിസി എടുക്കുക എന്നത് പ്രധാനമാണ്.
പലപ്പോഴും പോളിസി ഉടമകള്‍ കാണിക്കുന്ന ഒരു പ്രധാന അബദ്ധം എന്നത് നാലോ അഞ്ചോ വര്‍ഷം പോളിസി പ്രീമിയം അടച്ച ശേഷം തുടര്‍ന്ന് കൊണ്ടുപോകാന്‍ മടി കാണിക്കുന്നതാണ്.
ചിലപ്പോള്‍ പോളിസി എടുത്ത ശേഷം അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലാത്തത് കൊണ്ടാകാം. ഇന്‍ഷുറന്‍സ് എന്നത് ലാഭം ഉണ്ടാക്കാനുള്ള മാര്‍ഗമല്ല പരിരക്ഷ നല്‍കാനുള്ള ഒരു പദ്ധതി മാത്രമാണ് എന്ന് മനസിലാക്കുക.അതായത് പോളിസി പ്രീമിയം ചെലവായി തന്നെ കണക്കാക്കുക . ചിലപ്പോള്‍ ഇതിന്റെ പ്രയോജനം ലഭിക്കുക ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ആയിരിക്കും.
ഉദാഹരണമായി അഞ്ചുവര്‍ഷമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം അടക്കുന്ന ആള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല എന്ന കാരണത്താല്‍ പ്രീമിയം അടവ് മുടക്കിയാല്‍ തുടര്‍ന്നുവരുന്ന ഏതെങ്കിലും ഒരു വര്‍ഷം വലിയൊരു തുക ചികിത്സാ ചെലവ് വരുമ്പോള്‍ മുഴുവന്‍ തുകയും സമാഹരിച്ച സമ്പാദ്യത്തില്‍നിന്ന് അടയ്‌ക്കേണ്ടി വരും. അതുകൊണ്ട് പരിരക്ഷ മാത്രം നല്‍കുന്ന പോളിസികള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകാന്‍ ശ്രദ്ധിക്കുക എന്നതാണു മുഖ്യം. നിങ്ങളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വം മാത്രം മുന്നില്‍കണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.