- Advertisement -Newspaper WordPress Theme
HEALTHഎന്താണ് ഷിഗല്ല വൈറസ്

എന്താണ് ഷിഗല്ല വൈറസ്

മലപ്പുറത്ത് ഷിഗല്ല വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.


മഴക്കാലത്ത് ഷിഗല്ല വൈറസിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യാണ്. എന്താണ് ഷിഗല്ല വൈറസ് എന്നും ഇതിന്റെ ലക്ഷണങ്ങളും നോക്കാം. ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഇതൊരു ഗ്രാംനെഗറ്റീവ് ബാക്റ്റീരിയയാണ്.1897ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ ‘കിയോഷി ഷിഗ’ ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനില്‍ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നല്‍കിയത് ‘ബാസില്ലസ് ഡിസെന്റ്രിയേ’ എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് ‘ഷിഗല്ല’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.


മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്. മറ്റുള്ള തരത്തിലുള്ള വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അലവില്‍ ബാക്ടീരിയ അകത്തെത്തിയാല്‍ മതി രോഗം പകരാന്‍. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതല്‍ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.


രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം ‘ഷോക്ക്’ എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം.
നിര്‍ജ്ജലീകരണം തടയാനാണ് പ്രധാനമായും ഇതിനുള്ള ചികിത്സ. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡ്രിപ് നല്‍കേണ്ടി വരും. വയറിളക്ക രോഗങ്ങളില്‍ ആന്റിബയോട്ടിക് ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. പക്ഷേ, ഷിഗെലോസിസ് ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. രോഗതീവ്രത കുറച്ച് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇത് ആവശ്യമാണ്.


കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഷിഗല്ലയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
നമ്മള്‍ക്കുണ്ടാകുന്ന ഏതൊരു വയറിളക്കവും അപകടം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രോഗരംഭ ഘട്ടത്തില്‍ തന്നെ ധാരാളമായി വെള്ളം കുടിക്കണം. കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക.ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം,ഉപ്പിട്ട മോരിന്‍ വെള്ളം എന്നിങ്ങനെ വീടുകളില്‍ നിന്നുള്ള വെള്ളെ കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme