ഒരു ഉന്മേഷം ലഭിക്കാനോ പെട്ടെന്ന് വായ ഒന്ന് വൃത്തിയാക്കാനോ നമ്മളില്‍ പലരും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ട്.വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനും ഇത് സഹായിക്കും. ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിച്ചാല്‍ വായിലെ ദുര്‍ഗന്ധം വരെ ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും. എന്നാല്‍ പതിവായി മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ?
നല്ലതല്ലെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പതിവായുള്ള മൗത്ത് വാഷിന്റെ ഉപയോഗാം കാന്‍സറിന് കാരണമായേക്കാം.
മെഡിക്കല്‍ മൈക്രോബയോളജി ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ലിസ്‌റ്റെറൈന്‍ കോള്‍ മിന്റ് എന്ന പ്രമുഖ ബ്രാന്‍ഡിന്റെ മൗത്ത് വാഷ് ഉപയോഗിച്ചവര്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.മൂന്നുമാസത്തോളം തുടര്‍ച്ചയായാണ് ഇവര്‍ ഈ പ്രത്യേക ബ്രാന്റിന്റെ മൗത്ത് വാഷ് ഉപയോഗിച്ചിരിക്കുന്നത്.
മൗത്ത് വാഷില്‍ വായുടെ ശുചിത്വത്തിനായി ഉപയോഗിക്കുന്ന ദ്രാവകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില ഘടകങ്ങളില്‍ വായക്കുളില്‍ ബാക്ടീരിയയുടെ വളര്‍ച്ച ദുരിതപ്പെടുത്തുകയും ഇത് അന്നനാളം, കുടല്‍ എന്നീ ഭാഗങ്ങളിലെ ക്യാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മൗത്ത് വാഷുകളുടെ ദൈനം ദിന ഉപയോഗം ഫ്യൂസോബാക്റ്റീരിയം ന്യൂക്ലിയറ്റം സ്‌ട്രെപ്‌റ്റോകോക്കസ് ആന്‍ജിനോസസ് തുടങ്ങി ക്യാന്‍സര്‍ ബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഫ്യൂസോബാക്റ്റീരിയം ന്യൂക്ലിയറ്റം പ്രധാനമായും ശരീരത്തില്‍ മുഴകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നവയാണ്.
കൂടാതെ ഇവ വന്‍കുടലിനെ ബാധിക്കുന്ന ക്യാന്‍സറുമായും ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി വായിലും, ദഹന വ്യവസ്ഥയിലും കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് ആന്‍ജിനോസസ് ശരീരത്തില്‍ അണുബാധകള്‍ക്ക് കാരണമാകുന്നവയാണ്.ഈ ബാക്റ്റീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം മൗത്ത് വാഷ് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന ആക്ടിനോബാക്റ്റീരിയകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു.
ക്യാന്‍സര്‍ മാത്രമല്ല ഇതിനുപുറമെ പല ആരോഗ്യ പ്രശ്‌നങ്ങളും സ്ഥിരമായി മൗത് വാഷ് ഉപയോഗിക്കുന്നതിലൂടെ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം.
ആന്റിസെപ്റ്റിക് മൗത്ത് വാഷുകളില്‍ ക്ലോറെക്‌സിഡിന്‍, സെറ്റില്‍പിരിഡിനിയം ക്ലോറൈഡ്, അല്ലെങ്കില്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ നശിപ്പിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.ഫ്‌ലൂറൈഡ് മൗത്ത് വാഷുകള്‍ ഒരു വ്യക്തിയുടെ പല്ലിന്റെ നേര്‍ത്ത പുറം ആവരണമായ ഇനാമലിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ദിവസവും ഒരു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
എന്നാല്‍ അതില്‍ കൂടുതല്‍ തവണ ഉപയോഗിക്കരുത്. അമിതമായ ഉപയോഗം രുചിയില്‍ മാറ്റം, പല്ലില്‍ കറ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മൗത്ത് വാഷ് പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൗത്ത് വാഷ് നിത്യേന ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. ചില മൗത്ത് വാഷില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായയെ വരണ്ടതാക്കുന്നതായി വിദഗ്ധര്‍ പറയുന്നു.