- Advertisement -Newspaper WordPress Theme
FEATURESനായയുടെ കടിയേറ്റാല്‍ ആദ്യം എന്ത് ചെയ്യണം?

നായയുടെ കടിയേറ്റാല്‍ ആദ്യം എന്ത് ചെയ്യണം?

കഴിഞ്ഞ ദിവസമാണ് മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത്. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാര്‍ച്ച് 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നാലെ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്‌സീന്‍ ഫലിക്കാതിരിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. ഐഡിആര്‍വി വാക്‌സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്‌സീന്‍ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

എന്താണ് റാബീസ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് റാബീസ് അഥവാ പേവിഷബാധ. കടിയേറ്റ ഭാഗത്തുനിന്നും ഈ വൈറസ് നാഡീ ഞരമ്പുകളെ ബാധിച്ച് തലച്ചോറില്‍ എത്തുന്നു. എല്ലാ ഉഷ്ണരക്ത ജീവികളെയും ഈ രോഗം ബാധിക്കാം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നതിനു ശേഷം രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെയുള്ള കാലത്തെ ഇന്‍കുബേഷന്‍ പീരീഡ് എന്നാണ് പറയുക. മുറിവിനും മസ്തിഷ്‌കത്തിനും ഇടയിലുള്ള ഉള്ള ദൂരം കുറയുന്നതിനനുസരിച്ച് ഇന്‍കുബേഷന്‍ കാലം കുറഞ്ഞിരിക്കും. ഇത് ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കാം. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ പിന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്.

നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്…

പേവിഷബാധയേറ്റ മൃഗത്തിന്റെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുക എന്നതാണ്. 15 മിനിറ്റോളം മുറിവ് കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റി ബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിന് മുകളില്‍ കെട്ടേണ്ടതില്ല.

ചികിത്സ…

പേവിഷബാധയേറ്റ നായ കടിച്ചാല്‍ വാക്സിനെടുക്കുക ഏറെ പ്രധാനമാണ്. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായയുടെ കടിയേറ്റ ദിവസം തന്നെ കുത്തിവയ്‌പെടുക്കുക. വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോലും ചെറിയ കടിയാണെങ്കിലും അവ?ഗണിക്കരുത്. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തേണ്ടതും പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

  1. മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
  2. പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം.
  3. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
  4. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക.
  5. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
  6. കൃത്യമായ ഇടവേളയില്‍ വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം.
  7. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന്‍ എടുക്കണം.
  8. വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
  9. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme