in , , , , , , , ,

കൊറോണ: നാലാം തരംഗം-അതിജീവിക്കുമോ

Share this story

കോവിഡിന്റെ പ്രഭാവം പരിശോധിച്ചു നോക്കുമ്പോള്‍ കോവിഡിന് തരംഗ മാതൃകയാണുള്ളത്. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത 2019 ല്‍ തുടങ്ങി 20, 21 ഇപ്പോള്‍ 22വരെയും ആ തരംഗ സ്വഭാവം വ്യക്തമാണ്. ആദ്യത്തെ തരംഗത്തിലെ സാര്‍സ് കൊറോണ വൈറസ്, രണ്ടാമത്തെ തരംഗത്തില്‍ ഡെല്‍റ്റ വൈറസായി മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍ ആയി ആര്‍എന്‍എ വൈറസ് തരംഗ മാതൃകയില്‍ പടര്‍ന്നു പിടിക്കുകയാണ്. അതായത് ആളുകള്‍ക്ക് നല്ല പ്രതിരോധശേഷി ഉണ്ടാകുമ്പോള്‍ പെട്ടെന്ന് ഇതിന്റെ നിരക്ക് കുറയുകയും പിന്നീട് വേറൊരു വകഭേദമായി പ്രത്യക്ഷപ്പെടുകയും ആഞ്ഞടിക്കുയും ചെയ്യുന്ന ഒരു രീതി ആണ് ഈ വൈറസിന്റെ സ്വഭാവത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞത്.

ഒരു രോഗം പടര്‍ന്നു പിടിക്കാന്‍ ഏറ്റവുമികം സാധ്യതയുള്ളത് അന്തരീക്ഷത്തില്‍ കൂടിയാണ്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പാളിച്ച ഉണ്ടാകുന്നതും. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് അടച്ചു പൂട്ടിയിരുന്ന നമുക്ക് അല്‍പം സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് കൂടുതല്‍ ആഘോഷമാക്കുകയാണ് എല്ലാവരും. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ പലയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമല്ലെന്നു പ്രഖ്യാപിച്ചു. സിനിമാതിയേറ്ററുകളും പാര്‍ക്കുകളും ജിംനേഷ്യങ്ങളും ഉള്‍പ്പടെ എല്ലാം സാധാരണഗതിയില്‍ ആയി തുടങ്ങി. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ഇല്ലാതായി. സ്‌കൂളുകള്‍ തുറന്നു, ഓഫിസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതില്‍ ഏറ്റവും അപകടമായിട്ടുള്ളത് ആളുകള്‍ മാസ്‌ക് ഉപേക്ഷിച്ചു എന്നുള്ളതാണ്. 90 ശതമാനം ആള്‍ക്കാരും ഇപ്പോള്‍ മാസ്‌ക് ഉപയോഗിക്കുന്നില്ല. ഇങ്ങനെ പല കാര്യങ്ങള്‍ കൊണ്ടും നാലാം വേവ് കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യത തന്നെയാണുള്ളത്. 



നാലാം തരംഗത്തെയും അതിജീവിക്കണമെങ്കില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സീന്‍ എടുക്കുകയും മാസ്‌ക് ഉപയോഗം ഉറപ്പാക്കുകയും ചെയ്യണം. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതും അനിവാര്യമാണ്. അനാവശ്യ ആള്‍ക്കൂട്ടങ്ങള്‍ കഴിവതും ഒഴിവാക്കുക. ആശുപത്രികളില്‍ വീണ്ടും അലേര്‍ട്ട് സജ്ജമാക്കുക. മുന്‍പുണ്ടായിരുന്നതുപോലെ കോവിഡ് കണക്കുകള്‍ കൃത്യമായി കാണിക്കുകയും നിത്യേനയുള്ള വാര്‍ത്ത പോലെ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുക.  ദിവസേനയുള്ള കണക്കുകള്‍ പരസ്യമാക്കിയിരുന്നത് കോവിഡ് വിട്ടുപോയിട്ടില്ല എന്ന അവബോധം  ജനങ്ങളിലുണ്ടാക്കാന്‍ സഹായകരമായിരുന്നു.


ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് എന്ത് പ്രയോജനം എന്നുള്ള ചിന്തയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. വാക്‌സിനേഷന്‍ രോഗം വരുന്നത് തടയാനുള്ള മാര്‍ഗമല്ല, മറിച്ച് രോഗത്തിന്റെ തീവ്രത കുറയ്ക്കാനാണെന്ന കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടും പലരും ഇപ്പോഴും കരുതുന്നത് വാക്‌സീന്‍ എടുത്തിട്ടും രോഗം വരുന്നെങ്കില്‍ പിന്നെന്തിന് എടുക്കണമെന്നാണ്. ഇത് രോഗാണുബാധയെ തടയുന്നില്ല എങ്കില്‍ പോലും രോഗം ഗുരുതരമാകുന്നതിനെ അത് തടയുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ രോഗത്തിന്റെ സങ്കീര്‍ണത തടയുന്നതില്‍ വാക്‌സിനേഷന്‍  വിജയിച്ചിട്ടുണ്ട് എന്നുറപ്പിച്ചു പറയാം. 

കൊറോണ വൈറസ് ഒരു ആര്‍എന്‍എ വൈറസ് ആയതിനാല്‍ത്തന്നെ അതിന്റെ സഹജ സ്വഭാവമാണ് മ്യൂട്ടേഷന്‍ നടത്തിക്കൊണ്ടിരിക്കുക എന്നത്. ആര്‍എന്‍എ വൈറസിന് അതിനുള്ള സവിശേഷ കഴിവുണ്ട്. അതുകൊണ്ട് ആര്‍എന്‍എ വൈറസ് വീണ്ടും പുതിയ വകഭേദങ്ങളുമായി പ്രത്യക്ഷപ്പെടും, മ്യൂട്ടേഷന്‍  ഉണ്ടായി നാലാം തരംഗത്തിനുള്ള സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐഐടി കാണ്‍പൂര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ജൂണ്‍ 22 ന് നാലാം തരംഗം ഉണ്ടാകും. അത്  ഓഗസ്റ്റ് 23 ല്‍  മൂര്‍ധന്യത്തില്‍ എത്തും. അതിനു ശേഷം ഒക്ടോബര്‍ 24 ആകുമ്പോഴേക്കും അതിന്റെ തീവ്രത കുറയും എന്നാണ്. 


രണ്ടു രീതിയിലുള്ള പ്രതിരോധശേഷിയാണ് നമുക്കുള്ളത്. ഒന്ന് നാച്വറല്‍ ഇമ്മ്യൂണിറ്റി. രണ്ട് വാക്‌സിനേഷന്‍ വഴിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇമ്മ്യൂണിറ്റി. കൂടാതെ ഇതു രണ്ടും കൂടി ചേരുമ്പോള്‍ കിട്ടുന്ന ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയുമുണ്ട്. പുതിയ വകഭേദത്തെ നേരിടാന്‍ എന്തുമാത്രം സാധ്യത ഉണ്ടെന്ന് ഇനി കാണാനിരിക്കുന്നതേയുള്ളൂ. 

തിരിച്ചു നടക്കൂ ജീവിതത്തിലേക്ക്…

ഗര്‍ഭകാലത്ത് ആര്‍ത്തവമില്ല; എന്തുകൊണ്ട് ?