കൊറോണ യ്ക്ക് പിന്നില്‍ ചൈനയാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നു എന്ന നിഗമനം വിശ്വാസയോഗ്യമാണെന്ന് യു എസിലെ നാഷനല്‍ ലബോറട്ടറി റിപ്പോര്‍ട്ട് പുറത്ത്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ട്രംപ് ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കൊറോണ വൈറസിന്റെ ഉദ്ഭവം അന്വേഷിക്കാന്‍ നിയോഗിച്ച കലിഫോര്‍ണിയയിലെ ലോറന്‍സ് ലൈവ്മോര്‍ നാഷനല്‍ ലബോറട്ടറി 2020 മേയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
വൈറസിന്റെ ഉദ്ഭവം എങ്ങനെ എന്നു കണ്ടെത്താന്‍ കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ യോജിച്ച നിഗമനത്തിലെത്താന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിരുന്നില്ല. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ 3 ശാസ്ത്രജ്ഞര്‍ക്ക് 2019 നവംബറില്‍ അസുഖം ഉണ്ടായെന്നും ചികിത്സ തേടിയെന്നും ട്രംപിന്റെ കാലത്ത് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വുഹാനിലെ മത്സ്യച്ചന്തയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന ചൈനയുടെ നിലപാടിനെ തള്ളുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ചൈന നിഷേധിച്ചിരുന്നു.