ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡിന്റെ തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നിതി ആയോഗ്. വാക്‌സീനുകള്‍ ഒറ്റ ഡോസായി കുറയ്ക്കുന്നതും മാറി നല്‍കുന്നതും പരിഗണനയിലില്ലെന്ന് നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍ അറിയിച്ചു.
ജൂലൈയില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിനിടെ ആശ്വാസമായി പ്രതിദിന രോഗബാധയും മരണസംഖ്യയും ആക്ടീവ് കേസുകളും കുറഞ്ഞു.
കോവിഡ് ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറവാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ രോഗാവസ്ഥ തീവ്രമാകാം. കോവിഡ് മാറിയതിന് ശേഷവും തുടര്‍ച്ചയായ പനി അടക്കം കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നും നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ പറഞ്ഞു.