in , , ,

തലവേദന ബ്ലാക്ക് ഫംഗസിന്റെ പ്രധാന ലക്ഷണമോ ? എങ്ങനെ തിരിച്ചറിയാം ഈ ഫംഗസിനെ

Share this story

തലവേദന ബ്ലാക്ക് ഫംഗസിന്റെ ലക്ഷണമാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. പലതരം ടെസ്റ്റുകളിലൂടെയാണ് ഫംഗസ് ബാധ തിരിച്ചറിയുന്നത്. ബ്ലാക്ക് ഫംഗസ് തിരിച്ചറിയുന്നതിനുള്ള പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് തുടര്‍ച്ചയായ തലവേദന. കോവിഡ് സമയത്ത് സാധാരണ പലര്‍ക്കും ഒന്നോ രണ്ടോ ദിവസം തലവേദന വരാറുണ്ട്. എന്നാല്‍ രോഗമുക്തി കാലയളവായ 14 ദിവസങ്ങള്‍ക്ക് ശേഷവും തലവേദന തുടര്‍ന്നാല്‍ അത് ബ്ലാക്ക് ഫംഗസ് ലക്ഷണമാകാം.

മൈക്രോമൈസറ്റസ് എന്നയിനം ഫംഗസുകള്‍ പരത്തുന്ന ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരെയാണ് പലപ്പോഴും പിടികൂടുക. ചുറ്റുപാടുകളില്‍ നിന്ന് ശ്വാസത്തിലൂടെ ഉള്ളില്‍ കടക്കുന്ന ഫംഗസുകള്‍ സൈനസിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ തുടങ്ങും. ഇത് തുടര്‍ച്ചയായ തലവേദനയും മുഖത്തിന്റെ ഒരു വശത്ത് നീര്‍ക്കെട്ടും ഉണ്ടാക്കാം.
വായിലെ നിറം മാറ്റവും മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തെ കുറഞ്ഞ സംവേദനവും ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളാകാമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
സൈനസ് ഇടനാഴിയിലാണ് അണുബാധ ആരംഭിക്കുന്നത് എന്നതിനാല്‍ ചിലര്‍ക്ക് മൂക്കടപ്പ് അനുഭവപ്പെടാം. ബ്ലാക്ക് ഫംഗസ് അണുബാധ കടുക്കുമ്പോഴാണ് ഫംഗസ് മുഖത്തേക്ക് പടര്‍ന്ന് മുഖത്തിന് വൈകൃതം വരുത്തുന്നത്. ചില രോഗികളില്‍ പല്ലുകള്‍ ഇളകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൈനസിന്റെ എക്‌സ്-റേ, സിടി -സ്‌കാന്‍ വഴിയാണ് ബ്ലാക്ക് ഫംഗസ് അണുബാധ കണ്ടെത്തുന്നത്. രണ്ടാമത്തെ വഴി നേസല്‍ എന്‍ഡോസ്‌കോപ്പി വഴിയുള്ള ബയോപ്‌സി ആണ്. പിസിആര്‍ അധിഷ്ഠിത രക്തപരിശോധനയും ബ്ലാക്ക് ഫംഗസ് നിര്‍ണ്ണയത്തിന് ഉപയോഗിക്കാറുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നതിന്റെ ഭീതിയിലാണ് രാജ്യം. കോവിഡ് ചികിത്സയിലുള്ളവരെയും രോഗമുക്തി നേടിയവരെയും ഫംഗസ് മൂലമുണ്ടാകുന്ന ഈ മാരക രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പതിനൊന്നായിരത്തിലധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാവുന്നതാണ് ഈ അപൂര്‍വ ഫംഗല്‍ അണുബാധ.

കുട്ടികളില്‍ കോവിഡ് തീവ്രത വര്‍ധിച്ചേക്കാമെന്ന് നിതി ആയോഗ്

ഒരു തുള്ളി പാഴാക്കാതെ ഒരു കോടിയിലധികം വാക്സിന്‍’; നഴ്‌സുമാര്‍ക്ക് അഭിനന്ദനമറിയിച്ച് മന്ത്രി വീണ ജോര്‍ജ്ജ്