ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്‌നമാണ് അകാലനര. ചിലര്‍ മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി കാണാറുണ്ട്. പ്രായമാകുന്നതിനു പുറമെ ജനിതക ഘടകങ്ങള്‍, പുകവലി, മലിനീകരണം, പെര്‍നിഷ്യസ് അനീമിയ, പോഷകാഹാരക്കുറവ് തുടങ്ങിയവയും മുടി അകാലത്തില്‍ നരയ്ക്കുന്നതിന് കാരണമാകുന്നു. മുടിയ്ക്ക് നിറം നല്‍കുന്ന മെലാനിന്‍ എന്ന വസ്തു രോമകൂപങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. നരച്ച മുടി പൊതുവെ ആളുകള്‍ക്ക് അഭികാമ്യമല്ല. നരച്ച മുടി ഒഴിവാക്കാന്‍ പലരും ഹെയര്‍ ഡൈ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്.
ചിലര്‍ നരച്ച മുടി പിഴുതുമറ്റാറുണ്ട്. ചെറിയ രീതിയില്‍ നര ഉള്ളവരാണ് ഈ രീതി ഉപയോഗിക്കുന്നത്. എന്നാല്‍, ഗണ്യമായ രീതിയില്‍ മുടി നരച്ചവരില്‍ ഇത് പ്രായോഗികമല്ല. എങ്കിലും, വിരലിലെണ്ണാവുന്നത്ര നരച്ച മുടി മാത്രമുള്ളവര്‍ പലപ്പോഴും അവ പിഴുതു കളയാറുണ്ട്. നരച്ച മുടി പിഴുതു കളഞ്ഞാല്‍ കൂടുതല്‍ മുടി നരയ്ക്കുമെന്ന് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഈ പ്രസ്താവനയ്ക്ക് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ല എന്നതാണ് വാസ്തവം. മുടിയുടെ കോശങ്ങളായ ഹെയര്‍ ഫോളിക്കിളുകളില്‍ കാണപ്പെടുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ മെലാനിന്‍ ആണ് മുടിയുടെ കറുത്ത നിറത്തിന് കാരണമാകുന്നത്. മെലാനിന്‍ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് മുടി നരയ്ക്കുന്നത്. മെലാനിന്‍ ഉത്പാദനം സ്വാഭാവികമായി നടക്കുമ്പോള്‍ മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നു. എന്നാല്‍, വിദേശികളില്‍ പൊതുവേ മെലാനിന്‍ ഉത്പാദനം കുറവാണ്. അതുകൊണ്ടാണ് അവരില്‍ പലരുടെയും മുടി ജന്മനാ കറുപ്പല്ലാത്തത്. ഇത് ജനിതകമായ ഒരു വ്യത്യാസം മാത്രമാണ്.
മെലാനോസൈറ്റ് കോശങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ഫിയോമെലാനോസൈറ്റുകള്‍, യൂമെലാനോസൈറ്റുകള്‍. യൂമെലാനോസൈറ്റുകളാണ് മുടിക്ക് ചുവപ്പും മഞ്ഞയും നിറം നല്‍കുന്ന പിഗ്മെന്റുകള്‍ ഉത്പാദിപ്പിക്കുന്നത്, അതേസമയം ഫിയോമെലാനോസൈറ്റുകള്‍ തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള പിഗ്മെന്റുകള്‍ ഉത്പാദിപ്പിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് മെലാനോസൈറ്റുകളുടെ ഉത്പാദനം കുറയുന്നതാണ് മുടി നരയ്ക്കുന്നതിന് കാരണം. വ്യക്തികളില്‍ കാണപ്പെടുന്ന വ്യത്യസ്ത മുടി നിറങ്ങള്‍ക്ക് കാരണം ഈ മെലാനോസൈറ്റുകളുടെ വ്യത്യാസമാണ്. ഓരോ മുടിയുടെയും നിറം നിര്‍ണ്ണയിക്കുന്നത് ഹെയര്‍ ഫോളിക്കിളുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്‍ എന്ന പിഗ്മെന്റിന്റെ അളവാണ്. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉത്പാദിപ്പിക്കപ്പെടുകയോ നിലവിലുള്ളവയുടെ വളര്‍ച്ച വര്‍ദ്ധിക്കുകയോ ചെയ്യുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.
ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മുടി ഇതുപോലെ നാം പിഴുതെടുക്കുമ്പോള്‍ നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാം. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം.മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ലെന്ന് തന്നെ പറയേണ്ടി വരും.