കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. ഹൃദയത്തിന്റെ പല തരത്തിലുള്ള രോഗങ്ങൾ മൂലം പമ്പിങ് കുറയുന്നത് പാദങ്ങളിൽ നീരുണ്ടാകുന്നതിന് ഇടയാക്കും.
ഇങ്ങനെയുള്ളവരിൽ ഹൃദ്രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളായ നടക്കുമ്പോഴും മലർന്നു കിടക്കുമ്പോഴുമുള്ള ശ്വാസംമുട്ടൽ, ചുമയും ശ്വാസംമുട്ടലുമായി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുക തുടങ്ങിയവയും ഉണ്ടാവും. കരൾവീക്കം കൊണ്ടുണ്ടാകുന്ന പാദങ്ങളിലെ നീരിനൊപ്പം വയറിനുള്ളിലെ വെള്ളക്കെട്ടും (Ascitis) ശ്വാസകോശത്തിന്റെ ആവരണത്തിനുള്ളിെല വെള്ളക്കെട്ടും (Pleural Effusion) ഉണ്ടാവാം. അമിത മദ്യപാനം, ആൽക്കഹോളിന്റെ അംശമോ ലെഡ് പോലുള്ള ലോഹങ്ങൾ അടങ്ങിയിട്ടുള്ള മരുന്നുകളുടെ തുടർച്ചയായ ഉപയോഗം,
ഹെപ്പറ്റൈറ്റിസ് ബിയും സിയും, അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, കരളിലെ അർബുദം, പാരമ്പര്യ ഘടകങ്ങൾ തുടങ്ങിയവയൊക്കെ കരൾവീക്കത്തിനിടയാക്കാം. രക്തം ഛർദിക്കുക, മലത്തിൽ കൂടി രക്തം പോകുക, തൊലിക്കടിയിൽ പ്രത്യക്ഷപ്പെടുന്ന രക്തസ്രാവം മൂലമുള്ള ചുവന്ന പാടുകൾ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കരൾവീക്കത്തിനൊപ്പം ഉണ്ടാവും.
വൃക്കയുടെ തകരാറുമൂലം ഉണ്ടാകുന്ന നീര് പാദങ്ങളിൽ കാണുന്നതിനൊപ്പം കണ്ണിനു ചുറ്റും വീക്കവും ഉണ്ടാക്കും. നിയന്ത്രണത്തിലല്ലാത്ത പ്രമേഹം, രക്താതിമർദം എന്നിവയാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്ന പ്രധാനരോഗങ്ങൾ. നീരിനൊപ്പം രക്തക്കുറവും ക്ഷീണവും അടിസ്ഥാനരോഗം മൂലമുണ്ടാകുന്ന മറ്റ് സങ്കീർണതകൾ മൂലമുള്ള പ്രശ്നങ്ങളും രോഗിക്കു വിഷമതകളുണ്ടാക്കും.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന നീര് മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നീരിനെക്കാൾ ലഘുവും വളരെ സാവധാനം ഉണ്ടാകുന്നതും ആകയാൽ പലപ്പോഴും ശ്രദ്ധയിൽ പെടാറില്ല. രോഗിക്കു ക്ഷീണം, വിശപ്പു കുറവ്, ശരീരഭാരം കൂടുക, സംസാരത്തിലും ശബ്ദത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ, തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്, മാസമുറയിലെ വ്യത്യാസങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊക്കെ ലക്ഷണങ്ങൾ ഉണ്ടാകും. ചുരുക്കത്തിൽ കാൽപാദങ്ങളിൽ ഉണ്ടാകുന്ന നീർവീഴ്ച ഗൗരവത്തോടെ കാണേണ്ടതും വൈദ്യസഹായം തേടേണ്ടതുമായ ഒന്നാണ്