വയറിളക്കമുള്‍പ്പെടെയുളള രോഗങ്ങള്‍ ബാധിച്ചവരിലെ നിര്‍ജലീകരണത്തിനെതിരേ ഓറല്‍ റീഹൈഡ്രേറ്റിങ് സൊലുഷന്‍ (ഒ.ആര്‍.എസ്.) വികസിപ്പിച്ചെടുത്ത് പ്രശസ്തനായ ഡോ.ദിലീപ് മഹാലനോബിസ്(88) അന്തരിച്ചു. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലെ വീട്ടിലായിരുന്നു അന്ത്യം വൈദ്യശാസത്രരംഗത്ത് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവുംമഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നായാണ് ഒ.ആര്‍.എസിനെ വിശേഷിപ്പിക്കുന്നത്. 1966-ലാണ് ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. മഹാലനോബിസ് പൊതുജനാരോഗ്യരംഗത്ത് ഗവേഷണം ഊര്‍ജിതമാക്കിയത്. ഓറല്‍ റീഹെേെഡ്രഷന്‍ തെറാപ്പിക്ക് പ്രചാരം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചു.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കൊല്‍ക്കത്തയിലെ അന്താരാഷ്ട വൈദ്യഗവേഷണ കേന്ദ്രത്തില്‍ ഡേവിഡ് ആര്‍. നാലിന്‍, റിച്ചാര്‍ഡ് എ.ക്യാഷ് എന്നീ ഡോക്ടര്‍മാരോടൊപ്പമായിരുന്നു ഗവേഷണം. ഇവര്‍ വികസിപ്പിച്ച ഒ.ആര്‍.എസ് നിയന്ത്രിതസാഹചര്യങ്ങളില്‍മാത്രമാണ് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍, 1971-ലെ ബാഗ്ലാദേശ് യുദ്ധസമയത്ത് കോളറകാരണം അഭയാര്‍ഥികൃാമ്പുകളില്‍ മരണം രൂക്ഷമായപ്പോള്‍ അനുമതികൂടാതെത്തന്നെ ഡോ. മഹാലനോബിസ് ഒ.ആര്‍.എസ്. രോഗികളില്‍ പരീക്ഷിച്ചു.ആദ്യം വിമര്‍ശനമുണ്ടായെങ്കിലും മരണനിരക്ക് 30 ശതമാനത്തില്‍ നിന്ന് മൂന്നുശതമാനമായി കുറഞ്ഞതോടെ ഒ.ആര്‍.എസിന് വലിയ അംഗീകാരമായി. ചെലവുകുറവാണെന്നതും ആകര്‍ഷണമായി.
കൊളംബിയ, കോര്‍ണെല്‍ സര്‍വകലാശാലകള്‍ 2002-ല്‍ അദ്ദേഹത്തിന് പോളിന്‍ പുരസ്സാരം നല്‍കി ആദരിച്ചു. 2006-ല്‍ തായ്‌ലാന്‍ഡ് സര്‍ക്കാരിന്റെ പ്രിന്‍സ് മഹിദോള്‍ പുരസ്സാരത്തിനും അര്‍ഹനായി. സാള്‍ട്ട് ലേക്കിലെ വീട്ടില്‍ സജ്ജീകരിച്ച സൊസൈറ്റിഫോര്‍ അപ്ലൈഡ് സയന്‍സസിലൂടെ അദ്ദേഹം ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ശിശുരോഗവിദഗ്ധനായി സേവനം തുടങ്ങിയ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിന് (ഐ.സി.എച്ച്.) തന്റെ സമ്പാദ്യമായ ഒരുകോടി രൂപ രണ്ടുവര്‍ഷം മുമ്പ് സംഭാവനയായി നല്‍കിയതും ശ്രദ്ധേമായിരുന്നു.