ചെവിക്കായം ഒരു രോഗാവസ്ഥയാണ് എന്ന ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാതുകളുടെ സംരക്ഷണത്തിനു വളരെയെറേ പ്രാധ്യാനമുണ്ട് ചെവിക്കായത്തിന്. ചെവിയ്ക്കുള്ളില്‍ കടക്കുന്ന പൊടിപടലങ്ങള്‍, പ്രാണികള്‍ മറ്റ് മാലിന്യങ്ങള്‍ എന്നിവ സ്വാഭാവികമായി പുറന്തള്ളുന്നതിനായി ചെവിയ്ക്കകത്തുള്ള ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന സ്രവമാണിത്. മെഴുക് പോലെയുള്ള ഈ സ്രവം കാതുകളുടെ ഉള്ളിലെ മൃദുത്വത്തെയും പരിപാലിക്കുന്നു.
സാധാരണ ഗതിയില്‍ ചെവിയില്‍ അടിഞ്ഞുകൂടുന്ന ഈ സ്രവത്തില്‍ അഴുക്ക് കൂടി കലര്‍ന്നു കട്ടി പ്രാപിക്കുമ്പോളാണ് ഇത് ഉപദ്രവകാരിയാകുന്നത്. കുളിച്ചു കഴിഞ്ഞു തോര്‍ത്തുപയോഗിച്ചു ചെവിയ്ക്കുള്ളില്‍ വൃത്തിയാക്കിയാല്‍ തന്നെ മിക്കവരിലും ചെവിക്കായത്തിന്റെ ശല്യമുണ്ടാകുകയില്ല. എന്നാല്‍ മറ്റ് ചിലരില്‍ ഇത് രോഗാവസ്ഥയ്ക്കു തുല്യമാണ്. ചെവിക്കായം കളയാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്.
രണ്ടോ മൂന്നോ തുള്ളി പാരാഫിന്‍ ഓയില്‍ ചൂടാക്കി ഇത് ചെറുചൂടോടെ ചെവിയില്‍ ഒഴിയ്ക്കുക. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തല ചെരിച്ച് ഓയില്‍ പുറത്തേയ്ക്കു കളയുക.
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ നിന്നും രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിയ്ക്കാം.
അര ടീസ്പൂണ്‍ ഉപ്പ് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കുക. ഒരു കഷണം പഞ്ഞി ഇതില്‍ മുക്കി അള്‍പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുക. അല്‍പസമയത്തിനു ശേഷം തല ചെരിച്ചു പിടിച്ച് ലായനി പുറന്തള്ളാം.
ബാഹ്യമായ ഏതു വസ്തുക്കളും ചെവിയ്ക്കുള്ളിലേക്ക് ഇടുന്നത് ഒരിക്കലും അനുവദിക്കരുത്. ഇയര്‍ ബഡ് ഉപയോഗിച്ചു ചെവി വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍, ചെവിക്കായം കൂടുതലായി ചെവിയ്ക്കുള്ളിലേക്ക് തള്ളാനുള്ള സാധ്യതകളെറെയാണ്. കൂടാതെ ഇതിന്റെ ബലം കര്‍ണ്ണപുടങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്യും.
ആവശ്യമായ സാഹചര്യത്തില്‍ വൈദ്യ സഹായം തേടാന്‍ മടിക്കരുത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ എപ്പോഴും ചെവിയും വൃത്തിയായി സൂക്ഷിക്കുക.