മുതിര്‍ന്നവരില്‍ കണ്ടു വന്നിരുന്ന ഫാറ്റി ലിവര്‍ രോഗം ഇന്ന് കുട്ടികളിലും വര്‍ധിച്ചു വരികയാണ്. അതിന് പ്രധാന കാരണം മോശം ജീവിതശൈലിയാണ്. പേസ്ട്രി, കൂള്‍ ഡ്രിങ്‌സ്, കുക്കീസ് പോലുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അവയില്‍ അടങ്ങിയ പഞ്ചസാരയുടെ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ്. ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജം നല്‍കുമ്പോള്‍, അധികമാകുന്ന ഫ്രക്ടോസ് കരളില്‍ കൊഴുപ്പായി അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇത് തിരിച്ചറിയാതെ പോകുന്നത് ഗുരുതര കരള്‍ രോഗങ്ങളിലേക്കും കരള്‍ മാറ്റിവെക്കല്‍ പോലുള്ളവയിലേക്ക് കടക്കേണ്ടതായും വരുന്നു. മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ സിറോസിസ് (കരള്‍ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്.
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിവ കുട്ടികളില്‍ ഫാറ്റി ലിവര്‍ അവസ്ഥയുണ്ടാക്കാം. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ലെന്നതാണ് വെല്ലുവിളിയാകുന്നത്. ക്രമേണ അത് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസിനും(കരള്‍വീക്കം), സിറോസിസിനും കാരണമാകുന്നു. വയറുവേദന, മഞ്ഞപ്പിത്തം, വീക്കം, ക്ഷീണം, അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ആ സമയം അനുഭവപ്പെടാം.
മാനസികമായ സമ്മര്‍ദം കാരണം പല കുട്ടികളും അമിതമായി ഭക്ഷണം കഴിക്കുന്നത് ഫാറ്റിലിവറിന് വഴിയൊരുക്കുന്നു. നല്ലവണ്ണം വെള്ളം കുടിക്കുന്നതും ചിട്ടയായ വ്യായാമവും കുട്ടികള്‍ ശീലമാക്കണം. പഴങ്ങളും ഇലവര്‍ഗങ്ങളും പച്ചക്കറികളും സ്ഥിരമായി ഡയറ്റിന്റെ ഭാഗമാകും.