- Advertisement -Newspaper WordPress Theme
covid-19നോമ്പുകാലത്തെ ആരോഗ്യം

നോമ്പുകാലത്തെ ആരോഗ്യം

വ്രതപുണ്യത്തിന്റെ നാളുകള്‍ സമാഗതമായി. സ്ഥിരം ജീവിതക്രമത്തില്‍നിന്ന് പെട്ടെന്നുള്ള ഒരു മാറ്റമാണു റമസാന്‍ കാലത്ത്. മനസ്സും ശരീരവും ഒരേപ്രകാരം പങ്കുചേരുന്ന ആരാധനാ കര്‍മമായാണു നോമ്പുകാലം വിശേഷിപ്പിക്കപ്പെടുന്നത്. കേള്‍വിയെയും കാഴ്ചയെയും ചിന്തകളെയും പ്രവൃത്തികളെയും പുനഃക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയാണു റമസാന്‍ വ്രതം. ഇക്കാലത്ത് ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധവേണം.

സസ്യാഹാരം നല്ലത്

നോമ്പിന്റെ ഗുണം പൂര്‍ണമായി ലഭിക്കാന്‍ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ദഹനശേഷി കുറവായിരിക്കും എന്നതിനാല്‍ രാത്രി അമിതഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. രാത്രി അമിതഭക്ഷണം ഒഴിവാക്കിയാല്‍ പിറ്റേദിവസം പകല്‍സമയത്തെ ക്ഷീണം കുറയും. നോമ്പുതുറയ്ക്കു ശേഷം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. കാരണം പകല്‍ സമയത്ത് മുഴുവന്‍ ഉപവസിക്കുന്നതിനാല്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞിട്ടുണ്ടാകും. ഇത് നിര്‍ജലീകരണത്തിനു കാരണമാകാം. അതുപോലെ ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താം. മാംസാഹാരം കുറയ്ക്കുന്നതാണ് ഉത്തമം.
വ്രതത്തിന്റെ തുടക്കവും ഒടുക്കവും ലഘുഭക്ഷണമാണു വേണ്ടത്. അജീര്‍ണവും മലബന്ധവും ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത്. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുപഴം എന്നിവ കഴിക്കാം. ഗോതമ്പുകൊണ്ടുള്ള ഭക്ഷണം നല്ലതാണ്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. ജ്യൂസ് കഴിക്കുന്നതിനെക്കാള്‍ പഴവര്‍ഗങ്ങള്‍ അതേ രൂപത്തില്‍ത്തന്നെ കഴിക്കുന്നതാണു നല്ലത്.

എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച്, രക്തസമ്മര്‍ദം ഉള്ള രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. എണ്ണഭക്ഷണം കഴിച്ചാല്‍ ആമാശയ ശുദ്ധീകരണം നടക്കില്ല. കോള, സ്‌ക്വാഷ് പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രമേഹരോഗികള്‍ സൂജിഗോതമ്പ് വേവിച്ചു കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദം ഉള്ളവര്‍ മുരിങ്ങയില കൂടുതല്‍ ഉള്‍പ്പെടുത്തുക.

കാരയ്ക്കയുടെ ഗുണം

അയണും കലോറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീര്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ കല്‍ക്കണ്ടം ചേര്‍ത്ത വെള്ളം കഴിക്കാം. കറുത്ത കസ്‌കസ് വെള്ളത്തിലിട്ടതും ആവാം. പഴച്ചാര്‍, ചെറുപയര്‍ തിളപ്പിച്ച വെള്ളം, റവകൊണ്ടുള്ള കട്ടികുറഞ്ഞ പായസം എന്നിവ നല്ലതാണ്. പ്രമേഹരോഗികള്‍ പതിമുഖം ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക. ഇതിനുശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാവണം അടുത്ത ഭക്ഷണം.

രാത്രി ഭക്ഷണം ശ്രദ്ധിക്കണം

പത്തിരി, ദോശ, ഉഴുന്നുചേര്‍ത്തു പുളിപ്പിച്ച ഭക്ഷണം എന്നിവ കഴിക്കാം. ദീര്‍ഘനേരത്തേക്ക് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ ആമാശയവും അന്നപഥത്തിലെ മറ്റ് അവയവങ്ങളും പൂര്‍ണവിശ്രമത്തിലായിരിക്കും. ഈ സമയത്ത് ദഹനപ്രക്രിയയ്ക്കു വേണ്ടത്ര ദഹനരസം ഉല്‍പാദിപ്പിക്കപ്പെടില്ല. അതിനാല്‍ എണ്ണ കൂടുതല്‍ അടങ്ങിയ പലഹാരങ്ങള്‍, ഇറച്ചി മുതലായവ കഴിച്ചാല്‍ ദഹനവ്യവസ്ഥ തകരാറിലാകും. രോഗങ്ങള്‍ വരാന്‍ സാധ്യതയേറും.

അതിരാവിലെ ഇറച്ചി വേണ്ട

പുലര്‍ച്ചയ്ക്കു മുമ്പായുള്ള അത്താഴഭക്ഷണത്തില്‍ ഇറച്ചി, മീന്‍, പൊറോട്ട, എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക. അവ കൂടിയേ തീരൂ എന്നുള്ളവര്‍ രാത്രി ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക. അതിനുശേഷം തേങ്ങ തീക്കനലില്‍ ചുട്ടു ചവച്ചുതിന്നുകയോ ചുക്കും കുരുമുളകും തിപ്പല്ലിയും ചേര്‍ത്തു വെള്ളം തിളപ്പിച്ചു കുടിക്കുകയോ ചെയ്താല്‍ ഇതിന്റെ ദോഷഫലം ഒരു പരിധിവരെ കുറയ്ക്കാം.

ആമാശയ ശുദ്ധീകരണത്തിനും ദഹനേന്ദ്രിയ വിശ്രമത്തിനും ശാരീരിക സന്തുലിതാവസ്ഥയുടെ ക്രമീകരണത്തിനും ഉപവാസം വഴിയൊരുക്കും. ഉപവാസംകൊണ്ട് ആത്മീയഗുണങ്ങള്‍ മാത്രമല്ല, ഭൗതികനേട്ടങ്ങളും ഉണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ ഉപവാസത്തിന്റെ സ്ഥാനം പ്രധാനമാണ്. തുടര്‍ച്ചയായി പരിപൂര്‍ണ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ ആമാശയത്തിലെ സൂക്ഷ്മസിരാ സന്ധികള്‍ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാര്‍ഥം ഉണ്ടായി, അതു രക്തത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു എന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. ഈ രാസപദാര്‍ഥം ദഹനക്കേട്, കുടലിലുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.

മാനസികാരോഗ്യവും പ്രധാനം

മനസ്സിനെ പ്രഭാതം മുതല്‍ പ്രദോഷം വരെ സൂക്ഷ്മമായി നിയന്ത്രിക്കുന്ന റമസാന്‍ മാസത്തില്‍ ഭക്ഷണം ഉപേക്ഷിക്കുന്നതോടെ അന്നപഥത്തിനു പരിപൂര്‍ണവിശ്രമം കിട്ടുമെന്നതിനാല്‍ കാമക്രോധ ഈര്‍ഷ്യകള്‍ കുറയും. മാനസികാരോഗ്യം വര്‍ധിക്കും. വ്രതാനുഷ്ഠാനം മരുന്നു കൂടാതെയുള്ള ചികില്‍സയാണ്. അര്‍ശസ്, അമിതവണ്ണം, ത്വക് രോഗങ്ങള്‍, അടിക്കടിയുള്ള ജലദോഷം, മലബന്ധം, വയറുവേദന തുടങ്ങി പല രോഗങ്ങള്‍ക്കും ഇതു നിഷ്‌കര്‍ഷിക്കപ്പെടുന്നു.

ചില പൊടിക്കൈകള്‍

പകല്‍ ധാരാളം ഭക്ഷണം കഴിക്കുന്നതു പെട്ടെന്നു നിര്‍ത്തുന്നതുകൊണ്ടും രാത്രിയില്‍ ക്രമം തെറ്റി ആഹാരം കഴിക്കുന്നതുകൊണ്ടും ചിലരില്‍ നോമ്പുകാലത്ത് ചില അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. മൂത്രാഘാതം, നെഞ്ചെരിച്ചില്‍, അജീര്‍ണം, തലവേദന, മലബന്ധം തുടങ്ങിയവയാണ് അതില്‍ ചിലത്. കറുത്ത കസ്‌കസ് ചേര്‍ത്ത വെള്ളവും കരിക്കിന്‍ വെള്ളവും നല്ലതാണ്. ചെറുപയര്‍ വേവിച്ച വെള്ളത്തില്‍ കല്‍ക്കണ്ടവും ജീരകവും ചേര്‍ത്തു കഴിക്കുന്നതും ഈ അസ്വസ്ഥതകളെ ചെറുക്കാന്‍ നല്ലതാണ്. അത്താഴ ഭക്ഷണശേഷം ജീരകമോ മല്ലിയോ ചവച്ചുതിന്നുന്നതും മല്ലിയിലകൊണ്ടു ചമ്മന്തിയുണ്ടാക്കി കഴിക്കുന്നതും അജീര്‍ണം, നെഞ്ചെരിച്ചില്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. തലവേദനയുള്ളവര്‍ കട്ടന്‍ചായയില്‍ ഏലയ്ക്ക പൊടിച്ചുചേര്‍ത്ത് അത്താഴശേഷം കഴിക്കുക. അസിഡിറ്റി ഒഴിവാക്കാന്‍ അത്താഴത്തിനുശേഷം കഞ്ഞിവെള്ളം കുടിക്കുന്നതും കൂവപ്പൊടി കല്‍ക്കണ്ടം ചേര്‍ത്തു പാലില്‍ കഴിക്കുന്നതും സഹായിക്കും.

ലഘു വ്യായാമം ആവാം

വയറു കുറയ്ക്കാനും മറ്റുമായി രാവിലെ ചെറിയ തോതിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതാണെങ്കിലും കടുത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കി വിശ്രമിക്കുന്നതാവും ഉചിതം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme