തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം ബുധനാഴ്ച ആരംഭിക്കും. ഡോ. പീറ്റര്‍ സിംഗര്‍, ഡോ. വി കെ പോള്‍, ഡോ. ബലറാം ഭാര്‍ഗവ, തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ലോകാരോഗ്യസംഘടനയുടെ അസി. ഡയറക്ടര്‍ ജനറലാണ് ഡോ. പീറ്റര്‍ സിംഗര്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡബ്ല്യുഎച്ഒ സാങ്കേതിക മേധാവി ഡോ. മരിയ കെര്‍കോവ്, എന്‍സിഡി മാനേജ്മന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ വര്‍ഗീസ്, യുഎസ് എയിഡിന്റെ മുതിര്‍ന്ന ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെന്നത്ത് കാസ്‌ട്രോ തുടങ്ങിയവരും ഓണ്‍ലൈനായി നടക്കുന്ന സമ്മേളനത്തില്‍ സംസാരിക്കും.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് നാല് വരെ സംസ്ഥാനത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അഞ്ച് വിഷയങ്ങളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്. കേരളത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ചെലവ് കുറഞ്ഞതുമായ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് ലോക ശ്രദ്ധ കിട്ടാനും ഇതു വഴി സഹായകരമാണ്. യുഎന്‍ മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് www.keralahealthconference.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.