- Advertisement -Newspaper WordPress Theme
FITNESSകോവിഡിന് ശേഷം കുട്ടികള്‍ക്ക് കരള്‍രോഗം: ഗൗരവതരമെന്ന് കേന്ദ്രം

കോവിഡിന് ശേഷം കുട്ടികള്‍ക്ക് കരള്‍രോഗം: ഗൗരവതരമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായിരുന്ന ഏതാനും കുട്ടികള്‍ക്കു രോഗമുക്തി നേടി മാസങ്ങള്‍ക്കു ശേഷം കരള്‍രോഗം സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുള്‍പ്പെടെ അസാധാരണ കോവിഡ് അനന്തര പ്രശ്‌നങ്ങളെക്കുറിച്ചു സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു റിപ്പോര്‍ട്ട് തേടും.

യുഎസിലും ബ്രിട്ടനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍, ഇത്തരം 37 കേസുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രാലയം.

മധ്യപ്രദേശ് സാഗറിലെ ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളജ്, ചണ്ഡിഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടേതാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം, കഴിഞ്ഞവര്‍ഷം ഏപ്രില്‍-ജൂലൈ കാലത്ത് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീടു രോഗമുക്തി നേടുകയും ചെയ്ത 475 കുട്ടികളില്‍ 8% പേര്‍ക്കു കരള്‍വീക്കം കണ്ടെത്തി.

സാധാരണ അണുബാധ മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് അല്ല ഇതെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന തോതില്‍ കോവിഡ് ആന്റിബോഡി ഈ കുട്ടികളില്‍ പൊതുവായ കണ്ടിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ തുടര്‍ന്നു പ്രതിരോധഘടനയിലുണ്ടായ മാറ്റമാകാം ഇതിനു കാരണമെന്ന വാദത്തെക്കുറിച്ചും പഠനം നടക്കുന്നുണ്ട്.

ലക്ഷണവും, ചികിത്സയും

ഛര്‍ദി, വിശപ്പില്ലായ്മ, ശരീരക്ഷീണം, നേരിയ പനി എന്നിവയായിരുന്നു മിക്കവരിലും ലക്ഷണം. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, നിര്‍ജലീകരണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, പനി നിയന്ത്രണം, വൈറ്റമിന്‍ എന്നിങ്ങനെ സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബാധയ്ക്കുള്ള ചികിത്സ കൊണ്ടുതന്നെ ഇവര്‍ക്കു രോഗമുക്തി നേടാന്‍ കഴിഞ്ഞുവെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ തുടര്‍ന്നുള്ള കരള്‍രോഗവുമായി ബന്ധപ്പെട്ട 348 കേസുകള്‍ ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ മാത്രം 160 കേസുകളുണ്ട്. കോവിഡിനൊപ്പം ജലദോഷപ്പനിക്കു കാരണമാകുന്ന അഡിനോ വൈറസ് സാന്നിധ്യംകൂടിയുള്ളവരിലാണ് കരള്‍വീക്കം കണ്ടതെന്ന സംശയം ബലപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടന പരിശോധന നടത്തുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടായിട്ടില്ല.

കോര്‍ബെവാക്‌സിന് വില കുറച്ചു

ന്യൂഡല്‍ഹി: സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു നല്‍കുന്ന കോര്‍ബെവാക്‌സ് എന്ന കോവിഡ്-19 വാക്‌സീന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചു. ജിഎസ്ടി അടക്കം ഒരു ഡോസിന്റെ വിലയാണിത്.

കുത്തിവയ്പിന്റെ മറ്റു ചെലവുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉപയോക്താവിന് 400 രൂപ മുടക്കിയാല്‍ മതിയാവും.
നേരത്തെ 990 രൂപയാണ് ഉപയോക്താക്കള്‍ നല്‍കേണ്ടിയിരുന്നത്.

മാര്‍ച്ചില്‍ കുട്ടികള്‍ക്ക് കുത്തിവയ്പ് തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 145 രൂപയായിരുന്ന് ഇതിന് ഈടാക്കിയിരുന്നത്. ബയോളജിക്കല്‍-ഇ എന്ന കമ്പനിയാണ് ഈ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme