in , , , , ,

വാക്‌സിന്‍ എടുക്കാന്‍ ഇനി റജിസ്‌ട്രേഷന്‍ വേണ്ട, നടപടികള്‍ ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍

Share this story

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ഇനി മുതല്‍ റജിസ്‌ട്രേഷന്‍ വേണ്ട. കോവിഡ് വാക്‌സീനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മൂന്നാം തരംഗത്തിന് മുമ്പായി രാജ്യത്തെ എല്ലാപേര്‍ക്കും വാക്‌സിനേഷന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാക്‌സിന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാത്തത്. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വാക്‌സീന്‍ എടുക്കണോയെന്ന ആളുകളുടെ സംശയം ലോകമാകെയുള്ള പ്രതിഭാസമാണെന്നും ശാസ്ത്രീയമായി പഠിച്ചു പരിഹരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വാക്‌സിനേഷനില്‍നിന്ന് ഒഴിവാകാന്‍ ചിലയിടങ്ങളില്‍ ആളുകള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു നടപടികള്‍ ലഘൂകരിച്ചത്.

ജനസംഖ്യയില്‍ കൂടുതലുള്ള 18-44 പ്രായക്കാര്‍ക്കു പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതു കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാനും നിര്‍ണായകമാണെന്നാണു വിദഗ്ധരുടെ നിര്‍ദേശം. നിലവില്‍ ജനസംഖ്യയുടെ 3.3 ശതമാനം പേര്‍ക്കു മാത്രമേ വാക്‌സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിന്റെ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം അത്ര എളുപ്പമല്ല

സ്പുട്‌നിക് വാക്സിന്‍ കൊവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം