രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്‌നം കണ്ടു വരുന്നുണ്ട്.
പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്ബോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്. കൈകാല്‍ കാല്‍ മുട്ടുകളിലും കണങ്കാലിലുമെല്ലാം നീരു വരുന്ന അവസ്ഥ ഇതു കൊണ്ടുണ്ടാകുന്നു. ഒരു സമയം ഒരു സന്ധിയിലേ സാധാരണയായി ഈ അവസ്ഥ ഉണ്ടാകും. രണ്ടു സന്ധികളില്‍ ഒരേ സമയം നീരു വരുന്നത് അപൂര്‍വമാണ്
യൂറിക് ആസിഡ് നിയന്ത്രിച്ചു നിര്‍ത്തുന്നത് വാതം, സന്ധിവേദന പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഏറെ അത്യാവശ്യവുമാണ്. യൂറിക് ആസിഡ് അളവു കൂടുന്നത് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, കരള്‍ രോഗം, ക്യാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇതിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
പച്ചപ്പപ്പായ

ശരീരത്തിലെ യൂറിക് ആസിഡ് ഒഴിവാക്കാനും ഗൗട്ട് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് പപ്പായ. പ്രത്യേകിച്ചും പച്ചപ്പപ്പായ. ഇതിലെ പാപെയ്ന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം കുടിയ്ക്കുന്നത് ഗൗട്ട് ഒഴിവാക്കാനും രക്തത്തിലെ യൂറിക് ആസിഡ് ഒഴിവാക്കാനും സഹായിക്കുന്നു.
ചെറുനാരങ്ങാനീരും തേനും

വെറുംവയറ്റില്‍ വെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സി പൊതുവേ യൂറിക് ആസിഡ് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.
ഇഞ്ചി
10-15 ഗ്രാം പച്ചമഞ്ഞള്‍, ഇത്ര തന്നെ പച്ച ഇഞ്ചി, ഇത്ര തന്നെ കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ കുരുമുളക് എന്നിവ നന്നായി പൊടിച്ചോ ചതച്ചോ എടുക്കുക. ഇത് നാലു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് 1 ഗ്ലാസ് ആക്കി വറ്റിച്ചെടുത്ത് അര ഗ്ലാസ് വീതം രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് യൂറിക് ആസിഡ് നീക്കാനുളള, ഇതു കാരണമുള്ള അസ്വസ്ഥതകളും വേദനയും നീക്കാനുള്ള നല്ലൊരു വഴിയാണ്.