ഓര്‍മ, ചിന്ത, തീരുമാനങ്ങള്‍ എന്നിങ്ങനെ തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ചില രോഗങ്ങളുടെ കൂട്ടത്തെയാണ് ഡിമന്‍ഷ്യ അഥവാ മറവി രോഗം എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 55 ദശലക്ഷം പേര്‍ക്ക് മറവി രോഗം സംഭവിക്കുന്നു ഇതില്‍ തന്നെ 60 ശതമാനത്തിലധികം പേര്‍ കുറഞ്ഞ, ഇടത്തരം വരുമാനമുളള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ലോകത്തിലെ മരണ കാരണങ്ങളില്‍ ഏഴാം സ്ഥാനത്തുളള മറവി രോഗം പ്രായമായവരുടെ പരിമതികളും ആശ്രിതത്വവും വര്‍ധിപ്പിക്കുന്നു.
മറവി രോഗത്തിന് ചികിത്സയില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നാല്‍ ഇതിനുളള സാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മറവി രോഗം വൈകിപ്പിക്കാന്‍ സാധിക്കുന്നതാണ്. തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെ മറവിരോഗം വരാനുളള സാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാഡീരോഗ വിദഗ്ധര്‍ പറയുന്നു
ഓര്‍മക്കുറവ് പോലുളള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മറവിരോഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തലച്ചോറില്‍ നടക്കാന്‍ തുടങ്ങുമെന്ന് യുകെ അല്‍സ്ഹൈമേഴ്സ് റിസര്‍ച്ചിന്റെ അധ്യക്ഷ ഡോ. സാറ ഇമാരിസിയോ പറയുന്നു അല്‍സ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറില്‍ അമിലോയ്ഡ് പ്രോട്ടീനുകള്‍ വളരെ നേരത്തെ തന്നെ അടിഞ്ഞു കൂടാന്‍ ആരംഭിക്കുമെന്ന് ഡോ. സാറ ചൂണ്ടിക്കാട്ടി. വിലയേറിയ തലച്ചോര്‍ സ്‌കാനുകളും മറ്റ് ബയോളജിക്കല്‍ പരിശോധനകളും വഴി ഈ പ്രോട്ടീന്റെ തോത് തലച്ചോറില്‍ എത്രയുണ്ടെന്ന് തിരിച്ചറിയാനാകും. എന്നാല്‍ ഉയര്‍ന്ന തോതിലുളള അമിലോയ്ഡ് പ്രോട്ടീന്‍ തലച്ചോറില്‍ ഉളളവര്‍ക്കെല്ലാം അല്‍സ്ഹൈമേഴ്സ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഡോ. സാറ കൂട്ടിച്ചേര്‍ത്തു.
ഉറക്കം, സംസാരം, ചലനം, മൂഡ്, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയിലും ചില നേരിയ മാറ്റങ്ങള്‍ മറവിരോഗം ബാധിക്കാന്‍ പോകുന്നവരില്‍ വളരെ നേരത്തെ ഉണ്ടാകുമെന്നും ഡോ. സാറ വിശദീകരിക്കുന്നു. ഈ മാറ്റങ്ങള്‍ മനുഷ്യനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ സാധിച്ചേക്കില്ലെങ്കിലും സ്മാര്‍ട്ട് ഡിവൈസുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഇതിനോടൊപ്പം വിട്ടു മാറാത്ത വേദനയും മറവിരോഗത്തിന്റെ പ്രാരംഭ സൂചന നല്‍കാമെന്ന് ഡോ. സാറ പറയുന്നു.
മറവി രോഗം വരുന്നവരില്‍ രോഗനിര്‍ണയത്തിന് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വിട്ടുമാറാത്ത വേദന ശ്രദ്ധയില്‍പ്പെട്ടതായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഏജിങ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മറവിരോഗത്തിന് പുറമേ വിട്ടുമാറാത്ത വേദനയും തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തി ധാരണശേഷിയെ ബാധിക്കാമെന്ന് ജേണല്‍ പെയ്നില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ വാദിക്കുന്നു. പാരീസ് സര്‍വകലാശാല നടത്തിയ മറ്റൊരു ഗവേഷണവും ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നു