തിരുവനന്തപുരം: മകനും ഭാര്യയും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണിലൂടെയും ഇടപെട്ട് നടത്തുമെന്നും സമൂഹമാധ്യമത്തില്‍ മന്ത്രി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കു കോവിഡ് ബാധിച്ചിരുന്നു. മകള്‍ക്കു കോവിഡ് ബാധിച്ചിട്ടും മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ പാലിക്കാതിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.