in , ,

നിങ്ങളെ സുന്ദരനും സുന്ദരിയുമാക്കുന്ന ഈ ‘ബ്യൂട്ടി ട്രീറ്റ്മെന്റ്’ ജീവനെടുത്തേക്കും; പുതിയ പഠനം

Share this story

മുടിയുടെ ഭംഗിക്കായി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്തുവരുന്ന ഒന്നാണ് ഹെയര്‍ സ്ട്രെയിറ്റനിംഗ്. പല ബ്യൂട്ടിസലൂണുകളിലും വ്യത്യസ്ത നിരക്കില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗ് ട്രീറ്റ്മെന്റ് ലഭ്യമാണ്. മുടിയുടെ സ്ട്രെയിറ്റനിംഗിന്റെ കാലയളവും നീളവും അനുസരിച്ചാണ് തുകയില്‍ വ്യത്യാസം വരുന്നത്. കൂടാതെ ഓരോ ബ്രാന്‍ഡുകള്‍ അനുസരിച്ചും തുകയില്‍ വ്യത്യാസം വരും. എന്നാല്‍ മുടിയുടെ അഴകിന് വേണ്ടി ചെയ്യുന്ന ഇത്തരം ട്രീറ്റ്മെന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇപ്പോഴിതാ ഒരു സ്ത്രീക്ക് മുടി സ്ട്രെയിറ്റനിംഗ് ചെയ്തതിന് ശേഷമുണ്ടായ ദുരനുഭവം എല്ലാവരെയും കണ്ണുതുറപ്പിക്കും. ഒരു സലൂണില്‍ വച്ച് ഹെയര്‍ സ്ട്രെയിറ്റനിംഗ് ചെയ്ത യുവതിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും അതിന് ശേഷം നടത്തിയ പഠന റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 26കാരിയായ ടുണീഷ്യയില്‍ നിന്നുള്ള യുവതിക്ക് മുടി സ്ട്രയിറ്റ് ചെയ്തപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും പിന്നാലെ വൃക്കരോഗം കണ്ടെത്തുകയുമായിരുന്നു. യുവതിയുടെ അനുഭവങ്ങള്‍ വിലയിരുത്തി ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പുറത്തുവിട്ട പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരിശോധിക്കാം.

യുവതിക്ക് സംഭവിച്ചത്

യുവതിയുടെ പേരും മറ്റ് വിവരങ്ങളും ഡോക്ടര്‍മാര്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. 26കാരിയായ യുവതി 2020 ജൂണ്‍, 2021 ഏപ്രില്‍, 2022 ജൂലായ് എന്നീ മാസങ്ങളിലാണ് ഒരു സലൂണില്‍ എത്തി മുടി സ്ട്രെയിറ്റനിംഗ് ട്രീറ്റ്മെന്റ് ചെയ്തത്. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് മുമ്പ് യുവതിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം നടുവേദന, പനി, ഛര്‍ദ്ദി, അതിസാരം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി നേരിടാന്‍ തുടങ്ങി. യുവതിയുടെ തലയോട്ടിയില്‍ നീറ്റലും മറ്റ് മുറിവുകളും കാണപ്പെട്ടു. പിന്നാലെ യുവതിക്ക് രക്തത്തിലെ ക്രീയാറ്റിന്റെ അളവ് ഉയര്‍ന്ന നിലയില്‍ കാണപ്പെട്ടു. ഇത് വൃക്കയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്ന വിലയിരുത്തലിലേക്ക് ഡോക്ടര്‍മാര്‍ എത്തി. യുവതിയുടെ മൂത്രത്തില്‍ രക്തം ഉള്ളതിനാല്‍ സിടി സ്‌കാന്‍ ചെയ്യാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

വില്ലനായത് മുടി സ്ട്രെയിറ്റനിംഗ്

പിന്നീടാണ് യുവതി താന്‍ ചെയ്ത ഹെയര്‍ സ്ട്രെയിറ്റനിംഗ് ട്രീറ്റ്മെന്റില്‍ ഗ്ലൈഓക്‌സിലിക് ആസിഡ് എന്ന രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. ഇതാണ് യുവതിയുടെ തലയോട്ടിയിലെ പൊള്ളലിനും വ്രണത്തിനും കാരണമെന്ന് ഡോക്ടര്‍മാര്‍ വിലിയിരുത്തി. ഇതിന് ശേഷം എലികളില്‍ നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഗ്ലൈഓക്‌സിലിക് ആസിഡ് യുവതിയുടെ ചര്‍മ്മത്തിലൂടെ ശരീരത്തിലെത്തി വൃക്കകളിലേക്ക് പ്രവേശിച്ചെന്നും അതുകാരണമാണ് വൃക്ക തകരാറിലായതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

പരീക്ഷണം അഞ്ച് എലികളില്‍

സലൂണില്‍ യുവതി ഉപയോഗിച്ച് അതേ സ്ട്രെയിറ്റനിംഗ് ക്രീം തന്നെയാണ് അഞ്ച് എലികളില്‍ പരീക്ഷിച്ചത്. കൂടാതെ ഇതേ പരീക്ഷണം പെട്രോളിയം ജെല്ലി ഉപയോഗിച്ച് മറ്റ് എലികളിലും പരീക്ഷിച്ചു. 28 മണിക്കൂറിനുള്ളില്‍ സ്ട്രെയിറ്റനിംഗ് ക്രീം ഉപയോഗിച്ച എലികളുടെ രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടുതലായി കണ്ടെത്തി. എന്നാല്‍ പെട്രോളിയം ജെല്ലി ഉപയോഗിച്ചവയില്‍ അസാധാരണമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.

കാരണം ഗ്ലൈഓക്‌സിലിക് ആസിഡ്

യുവതിയുടെ വൃക്ക രോഗത്തിന് പ്രധാനമായും കാരണമായത് ഗ്ലൈഓക്‌സിലിക് ആസിഡ് അടങ്ങിയ ക്രീം ആണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. നേരത്തെ മുടി സ്ട്രെയിറ്റനിംഗ് ഉപയോഗിച്ച ക്രീമുകളില്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിച്ചത്. ഈ രാസവസ്തുവിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ ബ്രസീല്‍, കാനഡ, യൂറോപ്യന്‍ യൂണിയിന്‍, എഫ്ഡിഎ അടക്കം 2024 ഏപ്രിലില്‍ നിരോധിച്ചിരുന്നു.

ശേഷം അടുത്തിടെയാണ് ഹെയര്‍ സ്ട്രെയിറ്റനിംഗ് ക്രീമുകളില്‍ ഗ്ലൈഓക്‌സിലിക് ആസിഡ് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രകാരം ഇത്തരം ക്രീമുകള്‍ വൃക്കയുടെ തകരാറിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഇസ്രായേലിലെ വൃക്ക തകരാറിലായ 26 രോഗികളില്‍ 11 പേരും ഗ്ലൈഓക്‌സിലിക് ആസിഡ് ഡെറിവേറ്റീവുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്ലൈഓക്‌സിലിക് ആസിഡ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വിപണിയില്‍ ഇത്തരം ഉല്‍പ്പനങ്ങള്‍ നിരോധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അമിതമായ വിയര്‍പ്പാണോ നിങ്ങളെ പ്രശ്നം;കാരണമറിഞ്ഞ് പരിഹാരം തേടാം

വയറ്റിലെ കാന്‍സര്‍ ശരീരം മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍