ഇന്ന് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് തൈറോയിഡ് ഗ്രന്ഥികള്‍ വഹിക്കുന്നത്.തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.
തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. മനുഷ്യന്റെ കഴുത്തിനു മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.

പാരമ്പര്യം, അയഡിന്റെ കുറവ്, തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ചിലതരം മുഴകള്‍, തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍, അണുബാധ, റേഡിയേഷന്‍, എക്‌സ്‌റേ, തലച്ചോറിലെയോ പിറ്റിയൂറ്ററി ഗ്രന്ഥിയിലെയോ തകരാറുകള്‍ എന്നിവയാണ് തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍.തൈറോയ്ഡ് പ്രശ്‌നം ഉണ്ടെങ്കില്‍ ശരീരത്തില്‍ പല ലക്ഷണങ്ങളും ഇത് കാണിച്ച് തരും. അത് എന്തൊക്കെയെന്ന് നോക്കാം. ഒരു കാരണവുമില്ലാതെ ക്ഷീണം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. വിഷാദം പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം.

എന്നാല്‍ ചില രോഗങ്ങളുടെ കാരണമായി വരാറുണ്ട്. ഡിപ്രഷന് പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പര്‍തൈറോയിഡിസവും. തൈറോയ്ഡ് പ്രശ്‌നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകള്‍ കൊണ്ട് പ്രയോജനമുണ്ടാകില്ല.
ഹൈപ്പോതൈറോയിഡിസമുള്ളവരില്‍ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം.

കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടാറുണ്ട്.
