സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഏറെ വ്യാപകമായി ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ജീവിത ശൈലിയില്‍ വരുന്ന വ്യത്യാസങ്ങളും ഭക്ഷണ ശീലങ്ങളുമെല്ലാം സ്ട്രോക്കിന് കാരണമാകാറുണ്ട്.
ചില മുന്‍കരുതലുകളെടുത്താല്‍ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
ഉപ്പിന്‍റെ ഉപയോഗം കുറക്കാം: രക്തസമ്മര്‍ദ്ദം കൂടുന്നത് സ്ട്രോക്കിന് കാരണമാകും. ഉപ്പിന്‍റെ ഉപയോഗം ഒരു നിശ്ചിത പരിധിയില്‍ കൂടുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തിന് വഴിവെക്കും. അതിനാല്‍ ഉപ്പ് അധികമുള്ള ഉണക്ക മത്സ്യങ്ങള്‍, സോസുകള്‍, സൂപ്പുകള്‍ എന്നിവ നിയന്ത്രിക്കാം.
പുകവലി ഒഴിവാക്കാം : തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനും അവയില്‍ രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്. അതിനാല്‍ പുകവലിക്കാരില്‍ സ്ട്രോക്കിനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ സ്ട്രോക്ക് ഒഴിവാക്കാനായി ആദ്യം പുകവലി ഒഴിവാക്കണം.
കൊളസ്ട്രോള്‍ നിയന്ത്രിക്കുക : ആശ്രദ്ധമായ ഭക്ഷണ ശീലങ്ങളാണ് കൊളസ്ട്രോളിലേക്ക് നയിക്കുന്നത്. ആവശ്യമായതിലുമധികം കൊളസ്ട്രോള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുമ്പോള്‍ ഇത് രക്ത ധമനികളില്‍ സംഭരിക്കപ്പെടുന്നു. ഇതുവഴി തലച്ചോറിലേക്ക് വേണ്ടത്ര രക്തം കിട്ടാതെവരികയോ രക്തം എത്തിക്കുന്ന ധമനികള്‍ പൊട്ടുകയോ ചെയ്യുന്നതാണ് പലപ്പോഴും സ്ട്രോക്കിനു കാരണമാകുന്നത്. അതിനാല്‍ സ്ട്രോക്കില്‍ നിന്ന് രക്ഷപെടാന്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്.
ദിവസവും 30 മിനിട്ട് എങ്കിലും വ്യായാമം ചെയ്യുക : വ്യായാമത്തിലൂടെ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ അമിത കൊഴുപ്പ് അടിയുന്നത് ഒഴിവാക്കാനും സാധിക്കുന്നു. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറക്കും. നടക്കുക, പടികള്‍ കയറി ഇറങ്ങുക, സൈക്കിള്‍ ചവിട്ടുക എന്നിങ്ങനെ ഏതു തരത്തിലുള്ള വ്യായാമവും ചെയ്യാവുന്നതാണ്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളു.