കുട്ടികളിലെ പ്രമേഹം എന്നത് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. പ്രമേഹം എന്നാല്‍ ശരീരം ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന് നമുക്കറിയാം. രണ്ട് തരത്തിലാണ് പ്രമേഹമുള്ളത് അതില്‍ ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിലും കൗമാരക്കാരിലം കണ്ട് വരുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത്.
എന്നാല്‍ ഇത് കുട്ടികളില്‍ എപ്രകാരമാണ് ബാധിക്കുന്നത്, മാതാപിതാക്കള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് പ്രതിരോധത്തിനായി ചെയ്യേണ്ടത്, ലക്ഷണങ്ങള്‍ എന്തൊക്കെ എന്നതിനെക്കുറിച്ച് നിങ്ങളുടെ നിരവധി സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്
ഏത് പ്രായത്തിലാണ് കുട്ടികളില്‍ ഡയബറ്റിസ് കണ്ട് വരുന്നത് / ലക്ഷണങ്ങള്‍ എന്തെല്ലാം?
ടൈപ്പ് 1 ഡയബറ്റിസിന് പ്രത്യേകിച്ച് പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ള കുട്ടികളേയും രോഗാവസ്ഥ ബാധിക്കാം. ചെറിയ കുട്ടികള്‍ മുതല്‍ 60, 65 വയസ്സു വരെയുള്ളവരില്‍ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ടാവാം. ഇതില്‍ തന്നെ പ്രധാന ലക്ഷണങ്ങളായി കാണിക്കുന്നത് ഇടക്കിടെയുണ്ടാവുന്ന പനി, അമിതമായി ശരീരഭാരം കുറയുന്നത്, ദാഹം, മൂത്രമൊഴിക്കുന്നത് കൂടുതല്‍, ക്ഷീണം എന്നിവയാണ്. ഇതിനെത്തുടര്‍ന്ന് നടത്തുന്ന പരിശോധനയില്‍ പ്രമേഹം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നല്ലൊരു എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിക്കുക എന്നതാണ് അടുത്ത കാര്യം.
കുട്ടികളില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ എന്തൊക്കെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ ടൈപ്പ് 1 ഡയബറ്റിസ് കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇന്‍സുലിന്‍ കുത്തി വെപ്പ് എടുക്കുക എന്നതാണ് ഏക പോംവഴി. മൂന്ന് നാല് നേരം ഇന്‍സുലിന്‍ എടുക്കേണ്ടതായി വരുന്നു. രണ്ട് തരത്തിലുള്ള ഇന്‍സുലിന്‍ കുത്തി വെപ്പാണ് എടുക്കുന്നത്. ഓരോ തവണയും ഇന്‍സുലിന്‍ എടുക്കുന്നത് പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തേയും കൂടി കണക്കാക്കിയാണ്. കൂടാതെ രക്തം പരിശോധിച്ച് പ്രമേഹത്തിന്റെ അളവ് കണക്കാക്കിയാണ് ഇന്‍സുലിന്‍ കുത്തി വെപ്പ് എടുക്കുന്നത്. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞും രക്തപരിശോധന നടത്തേണ്ടതാണ്. കൂടാതെ കൃത്യസമയത്ത് ഇന്‍സുലിന്‍ എടുക്കുന്നതിനും ശ്രദ്ധിക്കണം. സ്ഥിരമായി ഒരു സ്ഥലത്ത് മാത്രം ഇന്‍സുലിന്‍ എടുക്കരുത്. മാറ്റി മാറ്റി കൊടുക്കുന്നതിന് ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന ഇന്‍സുലിന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നല്‍കാവൂ. അതോടൊപ്പം ഇന്‍സുലിന്‍ സൂക്ഷിക്കുന്ന താപനിലയും വളരെ പ്രധാനപ്പെട്ടതാണ്. സ്‌കൂളില്‍ പോവുന്ന കുട്ടികളെങ്കില്‍ ഐസ്പാക്കിനോടൊപ്പം വെച്ച് വേണം ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിന്. അതുപോലെ തന്നെ കൃത്യമായ അളവില്‍ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം.
സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്
കൃത്യമായി ഇന്‍സുലിന്‍ കൃത്യമായ ഇടവേളകളില്‍ എടുക്കുക എന്നതാണ് പ്രധാന കാര്യം. രാവിലേയും ഉച്ചക്കും ഇടയിലുള്ള സമയം സ്‌നാക്‌സ് നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. അത് കൂടാതെ ഗ്ലൂക്കോ മീറ്ററും കൈയ്യില്‍ കരുതണം. 70-ന് താഴെ ഷുഗര്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഇവര്‍ക്ക് മധുരം നല്‍കുന്നതിനും ശ്രദ്ധിക്കണം. 15 ഗ്രാം ഗ്ലൂക്കോസാണ് ഈ സമയം കൊടുക്കേണ്ടത്. അതിന് 15 മിനിറ്റിന് ശേഷം വീണ്ടും പ്രമേഹം പരിശോധിക്കണം. ഇതോടൊപ്പം തലവേദന, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രമേഹം വീണ്ടും പരിശോധിച്ച് അതിന് വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.
വ്യായാമം, ഡയറ്റ്, മരുന്നുകള്‍ ഇതൊക്കെ എങ്ങനെ കുട്ടികളില്‍ ചെയ്യണം?

പ്രമേഹ ബാധിതരായ കുട്ടികള്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചുരുങ്ങിയത് 30-45 മിനിറ്റ് വരെയുള്ള സമയത്ത് ദിവസവും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിന് രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. എണ്ണക്കടി, ബേക്കറി, ഐസ്‌ക്രീം, ചോക്ലേറ്റ്, ഫാസ്റ്റ്ഫുഡ് എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം. കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ അളവ് നോക്കി അതിനനുസരിച്ച് ഇന്‍സുലിന്‍ നല്‍കുക എന്നതാണ് പ്രതിവിധി. ഭക്ഷണത്തിന് മുന്‍പും ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷമുള്ള പ്രമേഹം പരിശോധിച്ച് അതിനനുസൃതമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സുലിന്‍ കുത്തിവെപ്പ് നല്‍കുക. കൃത്യസമയത്ത് ഭക്ഷണം രക്തപരിശോധന എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
കൃത്യമായി സംസാരിക്കുക
കുട്ടികള്‍ക്ക് പ്രമേഹം ബാധിച്ചാല്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും കുട്ടിയുടെ സുഹൃത്തുക്കളോടും അധ്യാപകരോടും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. കുഞ്ഞിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സമ്മര്‍ദ്ദരഹിതമാക്കിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ കുട്ടികളെ പോലെ തന്നെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും കുഞ്ഞിന് അനുവദിച്ച് കൊടുക്കണം ഒരു തരത്തിലും ഇവരെ രോഗമാണ് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ പാടില്ല.