ഇത്തരത്തില്‍ ധാരാളം പേര്‍ പതിവായി നേരിടുന്നൊരു പ്രശ്‌നമാണ് ക്ഷീണം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം പതിവാകാം. ഇത് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തിയേ മതിയാകൂ. ശേഷം ആവശ്യമായ ചികിത്സയെടുക്കുകയും ചെയ്യാം.
എന്നാല്‍ കണ്ടെത്താന്‍ പ്രയാസമുള്ളൊരു കാരണം പതിവായ ക്ഷീണത്തിന് പിന്നിലുണ്ടാകാം. ഇതെക്കുറിച്ച് വ്യക്തമാക്കുകയാണ് സെലിബ്രിറ്റി ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ.
എപ്പോഴും ക്ഷീണം. കാര്യങ്ങളൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ വരുമ്പോള്‍ നമ്മള്‍ വിശ്രമത്തിലേക്ക് നീങ്ങും. ചില സമയങ്ങളില്‍ ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാകാത്തതിനാല്‍ പെയിന്‍കില്ലേഴ്‌സും നമ്മള്‍ ആശ്രയിച്ചേക്കാം. എന്നാല്‍ വിശ്രമിച്ചതിനും പരിശോധനയില്‍ വൈറ്റമിന്‍ കുറവോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് സ്ഥിരീകരിച്ചതിനും ശേഷവും ക്ഷീണം തുടരുന്ന അവസ്ഥ തന്നെ. നല്ല ഭക്ഷണം കഴിച്ചിട്ടോ നല്ല ഉറക്കം ഉറപ്പാക്കിയിട്ടോ നന്നായി വെള്ളം കുടിച്ചിട്ടോ ഒന്നും ഭേദമാകാത്ത തളര്‍ച്ച.
ഇതിനൊപ്പം തന്നെ കഴുത്തിലെ ലിംഫ് നോഡുകളില്‍ വീക്കം ഉണ്ടായിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ഈ വീക്കം ഇടയ്ക്ക് വന്ന് പോകുന്ന രീതിയിലുമാകാം. അതുപോലെ ചര്‍മ്മത്തില്‍ നിറവ്യത്യാസമോ പാടുകളോ വീണതായും നോക്കണം.
ഇത്രയും ലക്ഷണങ്ങളുണ്ടെങ്കില്‍ ക്ഷീണത്തിന് കാരണം എപ്സ്റ്റിന്‍-ബാര്‍ വൈറസ് (ഇബിവി) എന്ന വൈറസായിരിക്കാമെന്നാണ് ലൂക്ക് ചൂണ്ടിക്കാട്ടുന്നത്. ഇത് മനുഷ്യശരീരത്തില്‍ പലപ്പോഴും നിശബ്ദമായി കാണുന്നതാണെന്നും പലരും സ്വയം തിരിച്ചറിയണമെന്നില്ലെന്നും ഇദ്ദേഹം പറയുന്നു. പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തില്‍ വൈറസ് സജീവമാകുന്നു. ഇതോടെയാണ് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നത്.