ചക്ക ഇഷ്ടമില്ലാത്ത മലയാളികള്‍ വിരളമായിരിക്കും. ചക്കപോലെ തന്നെ മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്കക്കുരുവും (Jackfruit Seed). കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് നമ്മള്‍ ചക്ക കഴിക്കുന്നത് അല്ലെ. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്ക കഴിച്ച് ഇതിന്റെ കുരുവും പലവിധത്തില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഉള്ളിലെ മധുരമാര്‍ന്ന പഴം മാത്രമല്ല, ഇതിന്റെ കുരുവും പോഷക സമൃദ്ധമാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സത്യത്തില്‍ പഴത്തേക്കാള്‍ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവില്‍ ഒളിഞ്ഞിരിക്കുന്നത്. ഇവയില്‍ തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണിനും ചര്‍മത്തിനും മുടിക്കുമെല്ലാം നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും ചെറുതല്ല. സിങ്ക്, അയണ്‍ കാല്‍സ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാവും.
ചക്കക്കുരുവില്‍ ആന്റി മൈക്രോബയല്‍ ഫലങ്ങളുള്ള സംയുക്തങ്ങള്‍ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാന്‍ സഹായിക്കുന്നു. ദഹനനാളത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ഇതേപ്പറ്റി ശുപാര്‍ശ ചെയ്യുന്നുണ്ട്. ചര്‍മ്മരോഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ചക്കക്കുരു. രോഗങ്ങളെ അകറ്റി നിര്‍ത്തി കൊണ്ട് ചര്‍മ്മത്തില്‍ എല്ലായ്‌പ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന എല്ലാ പോഷകങ്ങളും ചക്കക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ എ ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പെട്ടെന്ന് മുടി പൊട്ടിപ്പോകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ചക്കക്കുരുവില്‍ പ്രോട്ടീനുകളും മറ്റ് മൈക്രോ ന്യൂട്രിയന്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് മാനസിക നിലയെ ശാന്തമാക്കുവാന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചക്കക്കുരു ദഹനം മെച്ചപ്പെടുത്തുന്നു. ചക്കക്കുരുവിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലോവനീത ബാത്ര പറഞ്ഞു. ഇവയ്ക്ക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
ചക്കക്കുരു മെറ്റബോളിസം വര്‍ധിപ്പിക്കും. ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് നല്ലൊരു ഊര്‍ജസ്രോതസ് കൂടിയാണ്. ഇവയില്‍ ബി-കോംപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസത്ത സഹായിക്കുന്നു.ചക്കക്കുരു അസ്ഥികളുടെ ആരോഗ്യം വര്‍ധിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന് പുറമെ മറ്റ് നിരവധി പോഷകങ്ങളും ആവശ്യമാണ്. മഗ്‌നീഷ്യം അതിലൊന്നാണ്. ചക്കക്കുരുവില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ചക്കക്കുരു വിളര്‍ച്ച തടയുന്നു. രക്തക്കുറവ് അല്ലെങ്കില്‍ വിളര്‍ച്ച എന്നത് പലരും, പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്നമാണ്. ചക്കക്കുരു ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കും. അതേസമയം ചക്കക്കുരു പച്ചയ്ക്ക് കഴിക്കരുതെന്നും പോഷകാഹാരവിദഗ്ധര്‍ പറയുന്നുണ്ട്. ചക്കക്കുരു കഴിക്കുന്നത് വഴി നിങ്ങളുടെ ദൈനംദിന പോഷകാഹാര ഘടനയിലെ അയണിന്റെ അളവില്‍ ഉത്തേജനം നല്‍കാന്‍ കഴിയും. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഉറവിടമാണ് അയണ്‍. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിക്കുന്നത് വിളര്‍ച്ചയേയും രക്തസംബന്ധമായ മറ്റ് വൈകല്യങ്ങളുടേയും സാധ്യത കുറയ്ക്കുന്നു. അയണ്‍ നിങ്ങളുടെ തലച്ചോറിനെയും ഹൃദയത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.