in , ,

തമിഴ്‌നാട്ടില്‍ കൊവിഡ് വാക്‌സിനെടുത്ത ഡോക്ടര്‍ വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ എടുത്തതു മൂലം മരിച്ച സംഭവം: അസത്യം പ്രചരിപ്പിക്കരുതെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട്

Share this story

തമിഴ്‌നാട്ടില്‍ കൊവിഡ് വാക്‌സിനെടുത്ത ഒരു ഡോക്ടര്‍ വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ എടുത്തതു മൂലം മരിച്ച സംഭവത്തെ കുറിച്ച് സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കണമെന്നാണ് ഡോക്ടര്‍ മനോജ് പറയുന്നത്. മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ക്കു പോലും ആശയക്കുഴപ്പമുണ്ടാവുന്ന രീതിയില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ഡോക്ടര്‍ പറയുന്നത്.

ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം

ഇന്നലേം ഇന്നുമായിട്ട് ഏറ്റവുമധികം പ്രാവശ്യം എഴുതിയ വാചകമാണ്, ”It’s a hoax, ശുദ്ധ അസംബന്ധമാണ്” എന്നത്. വാട്‌സാപ്പിലും മെസഞ്ചറിലും മാറി മാറി ഇതുതന്നെ, ഒരേ മറുപടി. സംഗതിയിതാണ്,
കൊവിഡ് വാക്‌സിനെടുത്ത ഒരു ഡോക്ടര്‍, വേദനയ്ക്കുള്ള ഡൈക്ലോഫിനാക് ഇഞ്ചക്ഷന്‍ എടുത്തതു മൂലം മരിച്ചു. ഈ പറഞ്ഞത് സത്യമാണ്. തമിഴ്‌നാട്ടിലാണ് ദിവസങ്ങള്‍ക്കു മുമ്പ് ഇങ്ങനൊരു സംഭവമുണ്ടായത്. ഭാര്യയും ഭര്‍ത്താവും ഡോക്ടര്‍മാര്‍. ഭാര്യയ്ക്ക് വേദനയ്ക്കുള്ള ഡൈക്ലോഫിനാക് ഇഞ്ചക്ഷന്‍ വീട്ടില്‍ വച്ചെടുത്തത് ഭര്‍ത്താവ്. ഇഞ്ചക്ഷനെ തുടര്‍ന്ന് കുഴഞ്ഞുവീണ ഭാര്യ പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ഡൈക്ലോഫിനാക്കിനോടുള്ള ദ്രുതവും അമിതവുമായ അലര്‍ജിയാണ് (Anaphylactic reaction) മരണകാരണമെന്നാണ് അവരെ ചികിത്സിച്ചവര്‍ പറയുന്നത്.
ആ ദമ്പതിമാരുടെ ചിത്രവും ഒരു വോയിസ് നോട്ടും ചേര്‍ത്ത് ഇപ്പോള്‍ പ്രചരിക്കുന്ന മെസേജാണ്, കൊവിഡ് വാക്‌സിനെടുത്തവര്‍ പെയിന്‍ കില്ലറുകള്‍ ഒന്നും തന്നെ, പ്രത്യേകിച്ചും ഡൈക്ലോഫിനാക്, കഴിക്കുകയോ ഇഞ്ചക്ഷനായെടുക്കുകയോ ചെയ്യരുതെന്ന്. തമിഴ്നാട്ടില്‍ വാക്‌സിനെടുത്തതു മൂലമുണ്ടായ ശരീരവേദന (ാ്യമഹഴശമ)ക്ക് ഈ ഇഞ്ചക്ഷനെടുത്ത ഒരു ഡോക്ടര്‍ മരിച്ചുവെന്നും ആ മെസേജിലുണ്ട്.

എന്നാല്‍ സത്യമെന്താണ്?

  1. നമ്മളുപയോഗിക്കുന്ന മിക്കവാറും മരുന്നുകളും ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്, പ്രത്യേകിച്ചും വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും. അതുകൊണ്ടാണ് ഇവയുടെ ഇഞ്ചക്ഷനൊക്കെ എടുക്കും മുമ്പ് തൊലിക്കടിയില്‍ അല്‍പ്പം മരുന്ന് കുത്തിവച്ച് (ടെസ്റ്റ് ഡോസ്) നോക്കുന്നത്. ടെസ്റ്റ് ഡോസില്‍ ചൊറിച്ചിലോ തടിപ്പോ ഒന്നുമില്ലെങ്കിലാണ് ഫുള്‍ ഡോസെടുക്കുന്നത്. എന്നാലും വളരെ അപൂര്‍വ്വമായി ഫുള്‍ ഡോസെടുക്കുമ്പോ അലര്‍ജിയോ അനാഫിലാക്‌സിസോ സംഭവിച്ചിട്ടുണ്ട്.
    തമിഴ്‌നാട്ടിലെ ഡോക്ടറുടെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. പ്രത്യേകിച്ചും ഡൈക്ലോഫിനാക്കിന് അലര്‍ജി സാധ്യത മറ്റുള്ളവയേക്കാള്‍ കൂടുതലുമാണ്. അനാഫിലാക്‌സിസ് ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കകം വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. ഇവിടെ സംഭവം വീട്ടില്‍ വച്ചായതിനാല്‍ ചികിത്സ കിട്ടാനും വൈകിക്കാണും.
  2. ഡൈക്ലോഫിനാക്കിന്റെ ഈ അനാഫിലാക്‌സിസിന് കൊവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ല. കൊവിഡ് രോഗം കണ്ടെത്തുന്നതിന് മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളമുണ്ടാവാറുണ്ട്. ഇതൊരു പുതിയ പ്രതിഭാസമോ കണ്ടുപിടിത്തമോ അല്ല. അതാര്‍ക്കുമുണ്ടാവാം.
  3. ആ മെസേജില്‍ പറയുന്ന പോലെ, ആ ഡോക്ടര്‍ വാക്‌സിന്‍ കാരണമുണ്ടായ വേദനയ്ക്കല്ലാ ഇഞ്ചക്ഷനെടുത്തതും. അവര്‍ വാക്‌സിനെടുത്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിരുന്നു. മറ്റെന്തോ അസുഖത്തിനാണവര്‍ അന്ന് ഇഞ്ചക്ഷനെടുത്തത്. ഈ മരണത്തിന് വാക്‌സിനുമായി എങ്ങനെയെങ്കിലും ബന്ധമുണ്ടാക്കാനായി ആ മെസേജുണ്ടാക്കിയവര്‍ മെനഞ്ഞെടുത്ത കഥയാണ് ബാക്കി.
  4. കൊവിഡ് വാക്‌സിനെടുത്താല്‍ ആദ്യ 2-3 ദിവസമൊക്കെ ശരീരവേദനയോ പനിയോ ക്ഷീണമോ ഒക്കെ വരുന്നത് സ്വാഭാവികമാണ്. അതില്‍ പാനിക്കാവേണ്ട കാര്യമേയില്ല. ആ പനി പകരുകയും ഇല്ല. ആവശ്യമെങ്കില്‍ പാരസെറ്റമോള്‍ പോലുള്ള ഗുളികകള്‍ കൊണ്ട് ആശ്വാസം കണ്ടെത്താവുന്നതാണ്. മേല്‍പ്പറഞ്ഞ മെസേജൊക്കെ വായിച്ചു വിശ്വസിച്ച്, പേടിച്ച്, മരുന്നൊന്നും കഴിക്കാതെ ഈ ബുദ്ധിമുട്ടുകള്‍ സഹിച്ചിരിക്കേണ്ട യാതൊരാവശ്യവുമില്ല. ചിലര്‍ക്ക് വാക്‌സിനെടുത്തതിന്റെ ഒരു ലക്ഷണവും കാണുകയും ഇല്ല, അതും സ്വാഭാവികമാണ്.
  5. നാളെ (April 1) മുതല്‍ 45 വയസിന് മേളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടും. എല്ലാവരും അമാന്തമൊന്നും കൂടാതെ, സ്ലോട്ട് ഒക്കെ ബുക്ക് ചെയ്തു പോയി വാക്‌സിനെടുക്കണം. വാക്‌സിനെടുത്താലുണ്ടാവുന്ന സാധാരണ സൈഡ് എഫക്റ്റുകള്‍ മനസിലാക്കണം. ആവശ്യം വന്നാല്‍ മരുന്ന് കഴിക്കണം.

മനോജ് വെള്ളനാട്

നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെമുതല്‍

ഡോക്ടറുടെ മരണം വാക്‌സീന്‍ മൂലമെന്ന പ്രചാരണം തള്ളി തമിഴ്‌നാട് ആരോഗ്യ വകുപ്പ്