മീന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. മീനില്ലെങ്കില്‍ ചോറ് കഴിക്കാന്‍ മടിക്കുന്നവര്‍ പോലുമുണ്ട്. എന്നാല്‍ മീനിന്റെ മണം ഇഷ്ടപെടുന്ന എത്രപേരുണ്ടാകും. ചില മീനുകള്‍ വേവിച്ച് കഴിഞ്ഞാല്‍ പിന്നെ മണമൊന്നും ഉണ്ടാകില്ല. എന്നാല്‍ മറ്റ് ചിലത് അങ്ങനെയല്ല. എത്രയൊക്കെ കഴുകി വൃത്തിയാക്കിയാലും മണം പോകില്ല. അടുക്കളയില്‍ മീനിന്റെ ദുര്‍ഗന്ധം തങ്ങി നില്‍ക്കുകയും ചെയ്യും. മീനിന്റെ മണം അസഹനീയമായെങ്കില്‍ ഇങ്ങനെ ചെയ്ത് നോക്കൂ.
- മീന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ മണം തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്തു നോക്കൂ. ഒരു പാത്രത്തില്‍ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. 10 മിനിട്ടോളം ഇങ്ങനെ നന്നായി തിളപ്പിക്കണം. ഇത് അടുക്കളയിള്‍ തങ്ങി നില്‍ക്കുന്ന മീനിന്റെ മണത്തെ അകറ്റാന്‍ സഹായിക്കുന്നു.
- മീന്‍ വൃത്തിയാക്കുമ്പോള്‍ ഡ്രെയിനില്‍ മീനിന്റെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയാലും അടുക്കളയില്‍ ദുര്‍ഗന്ധം നിലനില്‍ക്കാം. ഇതിനെ നീക്കം ചെയ്യാന്‍ ചെറുചൂടുവെള്ളത്തില്‍ വിനാഗിരിയും കുറച്ച് ബേക്കിംഗ് സോഡയും ചേര്‍ത്ത് ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഡ്രെയിനിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ദുര്‍ഗന്ധത്തെ അകറ്റുന്നു.
- മീന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും.
- വീട്ടില്‍ കാപ്പിപൊടിയുണ്ടെങ്കില്‍ അത് ഒരു പാത്രത്തിലേക്കിട്ട് അടുക്കളയില്‍ തുറന്ന് വയ്ക്കാം. ഇത് ദുര്‍ഗന്ധത്തെ അകറ്റി നല്ല ഗന്ധം പരത്തുന്നു.
- മീന്‍ കഴുകുമ്പോഴും പാകം ചെയ്യുമ്പോഴും അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിടാന്‍ ശ്രദ്ധിക്കണം. ഇത് മീനിന്റെ ദുര്‍ഗന്ധം അടുക്കളയ്ക്കുള്ളില്‍ തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കുന്നു.