തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കൊവിഷീല്‍ഡ് വാക്‌സീനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. മൂന്നോ നാലോ ദിവസം മാത്രം കാലാവധി അവശേഷിക്കുന്ന ലക്ഷക്കണക്കിന് ഡോസ് വാക്‌സീന്‍ ഈ ചുരുങ്ങിയ സമയ പരിധിക്കുള്ളില്‍ ജനങ്ങള്‍ക്ക് നല്‍കി തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും അത് നടക്കില്ലെന്നുറപ്പായി. ഇതോടെ ലക്ഷക്കണക്കിന് ഡോസ് വാക്‌സീന്‍ നശിപ്പിക്കേണ്ടി വരുന്ന സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും ഉറപ്പായി.
ഈ മാസവും ഏപ്രില്‍, മെയ് മാസങ്ങളിലുമായി കാലാവധി കഴിയുന്ന മൂന്നര ലക്ഷത്തിലധികം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ ആണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പകരം സെപ്റ്റംബര്‍ വരെ കാലാവധിയുള്ള വാക്‌സീനുകള്‍ തിരികെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയാണ്. ഇങ്ങനെ ഏറ്റെടുക്കുന്ന കാലാവധി കഴിയാറായ വാക്‌സീനുകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ക്യാംപുകള്‍, സ്‌പെഷ്യല്‍ ഡ്രൈവുകള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ എന്നിവ വഴി പരമാവധി കൊടുത്തുതീര്‍ക്കമെന്നാണ് ആരോ?ഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്ര?ഗഡേ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
അതേസമയം മൂന്നോ നാലോ ദിവസം കൊണ്ട് കാലാവധി കഴിയുന്ന ലക്ഷക്കണക്കിന് ഡോസ് വാക്‌സീന്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയിലും ഉപയോ?ഗിക്കാനാകില്ലെന്നുറപ്പാണ്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു ദിവസം പരാമവധി 3000 പേരിലെ വാക്‌സീനേഷനാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്നുമെടുത്ത വാക്‌സീനുകളില്‍ നല്ലൊരു പങ്കും ഈമാസം 8-നും 11-നും കാലാവധി കഴിയുന്നതാണ്.
അതായത് ഈ ആഴ്ച തന്നെ കാലാവധി കഴിയുന്ന ഒരു ലക്ഷത്തോടടുത്ത് കൊവിഷീല്‍ഡ് വാക്‌സീനുകള്‍ ഉണ്ട്. ഇന്നലെയും ഇന്നുമായി സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഏറ്റെടുത്ത ഈ വാക്‌സീനുകള്‍ ഈ ആഴ്ചക്കുള്ളില്‍ എങ്ങനെയാണ് കൊടുത്ത് തീര്‍ക്കാനാകുക എന്ന ചോദ്യം ബാക്കിയാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലും മേലേപ്പേര്‍ രണ്ട് ഡോസ് വാക്‌സീനും, അതുപോലെ നല്ലൊരു പങ്കും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച ഈ സാഹചര്യത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചാലും പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചാലും ഈ ആഴ്ചക്കുള്ളില്‍ ഈ വാക്‌സീനുകള്‍ കൊടുത്തു തീര്‍ക്കാനാകില്ല. ഇതോടെ സ്വകാര്യ മേഖലയെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാനിറങ്ങിയ സര്‍ക്കാരിന് കോടികളുടെ ധനനഷ്ടം ഉറപ്പായി.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ കിംസില്‍ നിന്നും അനന്തപുരിയില്‍ നിന്നും മാത്രം സര്‍ക്കാരിന് തിരിച്ചെടുക്കേണ്ടി വന്നത് 10,970 ഡോസ് കൊവിഷീല്‍ഡ് വാക്‌സീനാണ്. മറ്റ് സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി വരുമ്പോഴിത് കാല്‍ ലക്ഷത്തിനും മുകളിലാകും.
തൃശൂര്‍ ജില്ലയില്‍ ഇന്നലെ മാത്രം ഇങ്ങനെ തിരിച്ചെടുത്തത് കാലാവധി കഴിയാറായ 68,000-ത്തിലധികം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ ആണ്. ഇതെല്ലാം എങ്ങനെ കാലാവധി അവസാനിക്കും മുമ്പ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി കൊടുത്തുതീര്‍ക്കുമെന്നതില്‍ ജില്ലാ മെഡിക്കല്‍ സംഘങ്ങള്‍ക്കോ എന്തിന് സര്‍ക്കാരിന് തന്നെയോ വ്യക്തതയില്ല. കോടികളുടെ നഷ്ടം അറിഞ്ഞു തന്നെ ഇവ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുന്നെന്ന് ചുരുക്കം. സര്‍ക്കാര്‍ ഖജനാവിലെ തുക ആര്‍ക്കും പ്രയോജനപ്പെടാതെ പാഴാക്കുകയാണെന്ന് വ്യക്തം.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമായി തുടങ്ങിയ കൊവിഡ് വാക്‌സീന്‍ വിതരണം പിന്നീട് സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ മേഖയില്‍ പൂര്‍ണമായും സൗജന്യമായി കിട്ടുന്ന കൊവിഡ് വാക്‌സീനുകള്‍ സ്വകാര്യ ആശുപത്രികള്‍ 780 രൂപയ്ക്കാണ് നല്‍കിയിരുന്നത്.
കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വാക്‌സീന്‍ വാങ്ങി വിതരണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവര്‍ക്ക് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. 12 കോടി രൂപ നല്‍കി സ്വകാര്യ ആശുപത്രികള്‍ക്ക് 20 ലക്ഷം ഡോസ് വാക്‌സീന്‍ സര്‍ക്കാര്‍ വാങ്ങി നല്‍കി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്‌സീന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്‌സീന്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ കരുതല്‍ ശേഖരമടക്കം ആവശ്യത്തിന് വാക്‌സീനെത്തിയതോടെ എല്ലാവരും വാക്‌സീന്‍ പൂര്‍ണമായും സൗജന്യമായി കിട്ടുന്ന സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിച്ചു. സ്വകാര്യ മേഖലയെ തീര്‍ത്തും ഒഴിവാക്കി. ഇതോടെയാണ് സ്വകാര്യ ആശുപത്രികളില്‍ സ്റ്റോക്ക് കുന്നുകൂടിയത്. കാലവധി കഴിയാറായ വാക്‌സീനുകളുടെ എണ്ണവും കൂടുകയായിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം അറിഞ്ഞല്ല സ്വകാര്യ മേഖലയിലേക്ക് വാക്‌സീന്‍ വാങ്ങിക്കൂട്ടിയതെന്നതാണ് വാസ്തവം. മാത്രവുമല്ല സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണമായി സൗജന്യമായി നല്‍കുന്ന വാക്‌സീന്‍ സ്വകാര്യ മേഖലയില്‍ നിന്ന് 780 രൂപയ്ക്ക് എത്രപേര്‍ വാങ്ങി ഉപയോ?ഗിക്കുമെന്ന് ചിന്തിക്കാന്‍ പോലും സര്‍ക്കാരിനാകാത്തത് ഇപ്പോള്‍ തിരിച്ചടിയാകുകയും ചെയ്തു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് രണ്ടാണ് പ്രശ്‌നം. ഒന്ന് കോടികണക്കിന് രൂപയുടെ വാക്‌സീന്‍ ആര്‍ക്കും ഉപകരിക്കാതെ നശിപ്പിക്കേണ്ടിവരും. രണ്ട്, സ്വകാര്യ മേഖലയെ സഹായിക്കാനിറങ്ങിയ സര്‍ക്കാരിന് കോടികളുടെ ബാധ്യതയും.
വാക്‌സീനുകള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതിനൊപ്പം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനേയും സ്വകാര്യ ആശുപത്രികളുടെ സംഘടന സമീപിച്ചിരുന്നു . എന്നാല്‍ ഒരിക്കല്‍ നല്‍കിയവ തിരിച്ചെടുക്കില്ലെന്ന നിലപാടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചത്.