അടുക്കളയില്‍ പ്രചാരമേറി വരുന്ന ഒന്നാണ് എയര്‍ ഫ്രയര്‍. ഇത് ഉപയോഗിച്ച് എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കും. എന്നാല്‍ എയര്‍ ഫ്രയര്‍ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാചകം ചെയ്യുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഇതില്‍ പറ്റിയിരിക്കുകയും കറയായി മാറുകയും ചെയ്യും. പിന്നീടിത് വൃത്തിയാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ തന്നെ എയര്‍ ഫ്രയര്‍ വൃത്തിയാക്കുമ്പോള്‍ ഈ രീതിയില്‍ ചെയ്യാം. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു.
ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് എയര്‍ ഫ്രയര്‍ നന്നായി വൃത്തിയാക്കാന്‍ സാധിക്കും. എയര്‍ ഫ്രയര്‍ പാനും ബാസ്‌കറ്റും ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കണം. ശേഷം മൃദുവായ സ്‌പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. എയര്‍ ഫ്രയറിന്റെ ചൂട് വരുന്ന ഭാഗത്ത് എന്തെങ്കിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ അവ ബ്രഷ് അല്ലെങ്കില്‍ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം.
എയര്‍ ഫ്രയറിലെ ദുര്‍ഗന്ധം
ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ചിലതയില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പറ്റിയിരുന്നാലും ദുര്‍ഗന്ധമുണ്ടാകാം. എയര്‍ ഫ്രയറില്‍ നിലനില്‍ക്കുന്ന ദുര്‍ഗന്ധത്തെ അകറ്റണമെങ്കില്‍ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ചെറുചൂടുവെള്ളത്തില്‍ എയര്‍ ഫ്രയര്‍ ബാസ്‌കറ്റും പ്ലേറ്റും മുക്കിവെച്ചതിന് ശേഷം നന്നായി ഉരച്ച് ഭക്ഷണാവശിഷ്ടങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വിനാഗിരി ഉപയോഗിച്ചും വൃത്തിയാക്കാം. ഇത് ദുര്‍ഗന്ധങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം ഓരോ ഉപയോഗം കഴിയുമ്പോഴും എയര്‍ ഫ്രയര്‍ നന്നായി വൃത്തിയാക്കി കഴുകേണ്ടതുണ്ട്. പിന്നീട് കഴുകാമെന്ന് കരുതി മാറ്റിവയ്ക്കുന്ന പ്രവണത ഒഴിവാക്കാം. ഇല്ലെങ്കില്‍ അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകുന്നു.