അടുക്കളയില്‍ പാചക പണി എളുപ്പമാക്കാനാണ് പ്രഷര്‍ കുക്കര്‍ എന്ന ആശയം വരുന്നത്. ഇത് വന്നതോടെ ഏറെക്കുറെ പാചക ജോലികള്‍ എളുപ്പമാവുകയും ചെയ്തു. എന്നാല്‍ ജോലി എളുപ്പമാകുന്നതിന് അനുസരിച്ച് റിസ്‌ക്കുകളും കൂടുതലാണ് പ്രഷര്‍ കുക്കറിന്. ഇത് പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണം ഒരുപക്ഷെ നമ്മള്‍ ഉപയോഗിക്കുന്ന രീതി ശരിയാവാത്തത് കൊണ്ടാവാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുമാവാം. ഓരോ ഉപകരണവും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടാവും അതിനനുസരിച്ച് മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ. പ്രഷര്‍ കുക്കര്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കിയാലോ?
കൃത്യമായ ഇടവേളകളില്‍ പ്രഷര്‍ കുക്കര്‍ പരിശോധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അത് കൂടാതെ ഓരോ തവണയും പാചകത്തിന് വേണ്ടി എടുക്കുമ്പോഴും ഓരോ ഭാഗങ്ങളെയും കൃത്യമായി നിരീക്ഷിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. പ്രധാനമായും പ്രഷര്‍ കുക്കറിന്റെ മൂടിയുടെ ഭാഗത്തുള്ള റബ്ബര്‍ ഗാസ്‌കറ്റാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും ഉപയോഗിക്കുമ്പോള്‍ ഇതില്‍ വിള്ളലുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടെന്ന് കണ്ടാല്‍ അത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്.
പാചകം ചെയ്യുമ്പോള്‍ അമിത ഭാരം നല്‍കരുത്
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ അമിതമായ ഭാരം നല്‍കരുത്. പാകം ചെയ്യുമ്പോള്‍ വേവുന്നതിനനുസരിച്ച് വികസിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കുക്കറില്‍ ഇടുമ്പോള്‍ അവ നിറയുന്ന സാഹചര്യം ഉണ്ടാവരുത്. ഇത് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുന്നു. കൂടാതെ എപ്പോള്‍ ഭക്ഷണം പാകം ചെയ്താലും കുക്കറില്‍ ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
പതഞ്ഞ് പൊങ്ങുന്ന ഭക്ഷണങ്ങള്‍ നിസ്സാരമല്ല
ഭക്ഷണങ്ങളില്‍ തന്നെ പലതും പതഞ്ഞുപൊങ്ങുന്നവയാണ്. കാഴ്ച്ചയില്‍ ഇതിന് പ്രശ്‌നങ്ങള്‍ ഒന്നും തോന്നില്ല. എന്നാല്‍ കാണുന്നതുപോലെ അത്ര സിംപിള്‍ കാര്യമല്ല ഇത്. കാരണം ഭക്ഷണം പതഞ്ഞ് പൊങ്ങുമ്പോള്‍ പുറത്തേക്ക് ആവി പോകുന്ന വാല്‍വുകള്‍ അടയുകയും അതുമൂലം പ്രഷര്‍ തങ്ങി നിന്ന് കുക്കര്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാചകം ചെയ്തുകഴിഞ്ഞയുടനെ കുക്കര്‍ എടുക്കരുത്
പ്രഷര്‍ കുക്കറില്‍ ഭക്ഷണം പാകം ചെയ്തതിന് ശേഷം ഉടനെ അടുപ്പില്‍ നിന്നുമെടുത്ത് മൂടി തുറക്കാന്‍ ശ്രമിക്കരുത്. പ്രഷര്‍ കുക്കറില്‍ നിന്നുമുള്ള ആവി പുറത്തേക്ക് പോയതിന് ശേഷം മാത്രമേ മൂടി തുറക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ അടുപ്പില്‍ നിന്നുമെടുത്തതിന് ശേഷം കുക്കറിന്റെ മുകളിലായി തണുത്ത വെള്ളമൊഴിച്ച് കൊടുക്കാം. ഇത് ഉള്ളിലെ ചൂട് ശമിക്കാന്‍ സഹായിക്കുന്നു. അല്ലെങ്കില്‍ അടുപ്പില്‍ നിന്നും കുറച്ച് നേരം മാറ്റിവെച്ചതിനുശേഷം മാത്രം മൂടി തുറക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സാധിക്കുന്നു.