in , , , , , , , ,

എരിവും പുളിയും കുറച്ചോളു; അള്‍സറിനെ നിലയ്ക്കുനിര്‍ത്താനാകും

Share this story

ഉദരത്തില്‍ കാണുന്ന പ്രശ്നം മാത്രമല്ല അള്‍സര്‍, ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന വ്രണവും അള്‍സറാണ്. വയറുസംബന്ധമായി ഉണ്ടാകുന്ന അള്‍സറിന് പെപ്റ്റിക് അള്‍സര്‍ എന്നാണ് പൊതുവേ പറയുന്നത്.

വയറുവേദനയും എരിച്ചിലും മുന്നറിയിപ്പായെത്തുന്ന ഈ രോഗം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദം, മദ്യപാനം, പുകവലി തുടങ്ങിയവ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ കൂടുതലാണെന്നതാണ് ഇതിനു കാരണം.

ഗുളികയ്ക്കൊപ്പം വെള്ളം കുടിക്കാന്‍ പിശുക്കു കാണിക്കുന്നവര്‍ ജാഗ്രതെ. മരുന്നുകഴിക്കുമ്പോള്‍ കാണിക്കുന്ന അശ്രദ്ധയും അള്‍സറിനു കാരണമാകാറുണ്ട്. ഗുളിക ഇറങ്ങിപ്പോകാന്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക.

ഒരു കവിള്‍ വെള്ളത്തിനൊപ്പം ഗുളിക കഴിക്കുമ്പോള്‍ ഗുളിക പെട്ടെന്ന് ഇറങ്ങിപോകണമെന്നില്ല. അത് അന്നനാളത്തിലേക്കുള്ള വഴിയില്‍ തങ്ങിനിന്ന് അള്‍സറിന് കാരണമാകുന്നു. ഗുളികയുടെ തീക്ഷ്ണത കുറച്ച് അതിനെ അലിയിച്ചു കളയാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്.

ആഹാരം കഴിക്കുമ്പോള്‍ ദഹനം സുഗമമാക്കാനും വെള്ളം ധാരാളം കുടിക്കേണ്ടതായുണ്ട്. ഹൃദ്രോഗത്തിനുള്ള ആസ്പിരിന്‍ പോലുള്ള ഗുളികകളും അള്‍സറിനു വഴി വയ്ക്കാറുണ്ട്. ഇത്തരം ഗുളികകള്‍ ദീര്‍ഘകാലം കഴിക്കേണ്ടി വരുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതാണ്. വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗമാണ് അള്‍സറിനുള്ള മറ്റൊരു കാരണം. സ്റ്റിറോയിഡ് അല്ലാത്ത ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

പ്രധാനമായും മൂന്ന് ഭാഗങ്ങളിലാണ് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുന്നത്.

1. അന്നനാളത്തിലുണ്ടാകുന്ന അള്‍സര്‍
2. ആമാശയത്തിലുണ്ടാകുന്ന അള്‍സര്‍
3. ചെറുകുടലിലുണ്ടാകുന്ന അള്‍സര്‍

ദഹനവ്യവസ്ഥയുടെ ഏതു ഭാഗത്തുണ്ടാകുന്ന അള്‍സറിനും ലക്ഷണങ്ങള്‍ ഒരുപോലെ തന്നെയാണ്. എന്നാല്‍ അന്നനാളത്തിലെയും ആമാശയത്തിലെയും അള്‍സര്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കുന്നതാണ്.

അന്നനാളത്തിലെ അള്‍സര്‍

നമ്മള്‍ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തില്‍ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാഥയില്‍ എവിടെ വേണമെങ്കിലും അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം ചവച്ചിറക്കുമ്പോഴുള്ള വേദനയാണ് അന്നനാളത്തിലെ അള്‍സറിന്റെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിര്‍വീര്യമാക്കാന്‍ കഴിയാതെ വരുന്നതും അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കാറുണ്ട്.

ആമാശയത്തിലെ അള്‍സര്‍

ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അള്‍സറാണിത്. ഗ്യാസ്ട്രിക് അള്‍സര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ആമാശയത്തിലെത്തുന്ന ഭക്ഷണം വിഘടിക്കപ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അള്‍സര്‍ ബാധിച്ച് ആമാശയത്തിലെ ആവരണത്തിന് വിള്ളലുണ്ടാകുമ്പോള്‍ ഈ അമ്ലങ്ങളുടെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ വര്‍ധിക്കുന്നു. വെളുപ്പിന് മൂന്നു മണിക്ക് തുടങ്ങുന്ന വയറു വേദനയാണ് ഇതിന്റെ മുഖ്യ ലക്ഷണം. മധ്യവയസ് കഴിഞ്ഞവരിലാണ് ഗ്യാസ്ട്രിക് അള്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. മരുന്നുകളുടെ ഉപയോഗം ഇവരില്‍ കൂടുതലായതാവാം ഇതിന് ഒരു കാരണം.

ചെറുകുടലിന്റെ ഭാഗത്തെ അള്‍സര്‍

ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന അള്‍സറാണിത്. ഡുവോഡിനം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഇതിനെ ഡുവോഡിനല്‍ അള്‍സര്‍ എന്നാണ് പറയുന്നത്. പാന്‍ക്രിയാസ്, പിത്താശയം, കരള്‍ എന്നിവിടങ്ങളിലുള്ള ദഹനരസങ്ങള്‍ ഭക്ഷണവുമായി ചേരുന്നത് ഡുവോഡിനത്തില്‍ വച്ചാണ്. ഈ ഭാഗത്ത് അള്‍സര്‍ ഉണ്ടാകുമ്പോള്‍ ദഹനരസങ്ങള്‍ അതുമായി സമ്പര്‍ക്കത്തില്‍ വരുന്നതാണ് അസ്വസ്ഥതകള്‍ക്കു കാരണം.

അള്‍സര്‍ രോഗം വരാതിരിക്കാനും, രോഗികള്‍ക്ക് അസ്വസ്ഥതകള്‍ കൂടാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നാരങ്ങാവെള്ളം, അച്ചാറ് ഇവയുടെ അമിതോപയോഗം കുറയ്ക്കുക.
  • ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം.
  • മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.
  • അള്‍സറുള്ളവര്‍ ഏതുതരം മരുന്നുകള്‍ കഴിക്കുന്നതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.
  • എരിവുള്ള ഭക്ഷണം, മസാല അധികം അടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക.
  • ചിട്ടയായ ഭക്ഷണക്രമം പാലിക്കുക. ഡയറ്റിങ്ങിന്റെ പേരില്‍ വിശപ്പ് കടിച്ചമര്‍ത്തുന്നത് അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും.
  • വാരി വലിച്ചു ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി, സാവധാനം ഭക്ഷണം കഴിക്കണം.
  • ഡോക്ടറുടെ നിര്‍ദേശമില്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വേദനസംഹാരികള്‍ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
  • ഭക്ഷണം കഴിച്ച ശേഷവും മരുന്നിനൊപ്പവും ധാരാളം വെള്ളം കുടിക്കുക.

പല്ലിന്റെ മഞ്ഞ നിറം തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

എന്താണ് ഗ്ലാസ് സ്‌കിന്‍? ഗ്ലാസ് സ്‌കിന്‍ എങ്ങനെ നേടാം