in , , ,

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും; ലക്ഷണങ്ങള്‍ തിരിച്ചറിയാം

Share this story

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി വളരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ നിരവധിപേര്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു. സൂര്യപ്രകാശത്തിൽ നിന്നാണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത്. കൈകാലുകൾ, വയർ, പുറം എന്നീ ശരീരഭാഗങ്ങളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയത്തുള്ള വെയിൽ കൊള്ളേണ്ടതുണ്ട്. കുറഞ്ഞത് 15 മിനുട്ട് നേരമെങ്കിലും വെയിൽ കൊള്ളണം.

ഉഷ്ണ മേഖല രാജ്യമായിട്ടുകൂടി ഇന്ത്യക്കാരില്‍ 68 ശതമാനം പേര്‍ വിറ്റാമിൻ ഡിയുടെ കുറവുമൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്നാണ് ഹെയ്സ്റ്റാക്ക് അനലിറ്റിക്‌സിലെ ഡോ. അപര്‍ണ ഭനുഷാലി പറയുന്നത്. നഗരവല്‍ക്കരണം, ജീവിതശൈലി, ചര്‍മ്മത്തിന്റെ നിറം, വസ്ത്രധാരണരീതി, ജനിതക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷീണം, തളര്‍ച്ച, ഊര്‍ജമില്ലായ്മ എന്നിവയാമ് വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പൊതുവായ ലക്ഷണങ്ങളെന്ന് നൂട്രീഷനിസ്റ്റ് രുചിത്ര ബത്ര പറയുന്നത്. മതിയായ ഉറക്കം ലഭിച്ചതിന് ശേഷവും ഒരാള്‍ പതിവായി ക്ഷീണിതനാണെങ്കില്‍ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കുന്നത് നല്ലതായിരിക്കും.

പതിവായി അസുഖം വരുന്നത്: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത രോഗപ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. ഇത് ഇടക്കിടെ ഇന്‍ഫെക്ഷന്‍, ജലദോഷം, പനി എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഇടയ്ക്കിടെ അസുഖം വരുകയോ അസുഖം വന്നതിന് ശേഷം രോഗമുക്തിക്ക് കൂടുതല്‍ സമയമെടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവാകാന്‍ സാധ്യതയുണ്ട്.

എല്ലുകള്‍ക്കും പേശികള്‍ക്കും വേദന: കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അസ്ഥികളുടെ ബലഹീനതയിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥയില്‍ ശരീരം അസ്ഥി വേദന, സന്ധികളിലും പേശികളിലും വേദന എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ ചികിത്സ തേടണം.

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍: ഒരാളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വിറ്റാമിന്‍ ഡി വലിയ പങ്കുവഹിക്കുന്നു. വിഷാദം, ഉത്കണ്ഠ, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ (എസ്എഡി) പോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഇത് കാരണമാകാം. തണുപ്പുള്ള മാസങ്ങളിലോ സൂര്യപ്രകാശം പരിമിതമായി ലഭിക്കുന്ന അവസ്ഥകളിലോ, നിങ്ങളുടെ മാനസികാവസ്ഥയില്‍ കാര്യമായ മാറ്റം നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയുന്നതാണ് മറ്റൊരു സൂചന.

വിറ്റാമിന്‍ ഡി നിരവധി മെറ്റബോളിക് പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അസ്ഥികളുടെ ബലം കുറയല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. അതിനാല്‍, വിറ്റാമിന്‍ ഡിയുടെ തിരിച്ചറിയുകയും മറികടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കുറവുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശത്തോടെ വിറ്റാമിന്‍ ഡി സപ്ലിമെന്‍റുകള്‍ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴവര്‍ഗങ്ങള്‍

മഴക്കാലമാണ്, രോ​ഗങ്ങളെ അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ